കോവിഡ് ബാധിച്ച് മരിച്ച ഇ.എസ്.ഐ അംഗങ്ങളായ 49 തൊഴിലാളികളുടെ 106 ആശ്രിതർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി. ഇ.എസ്.ഐ കോർപ്പറേഷൻ കേരള റീജ്യന്റെ പരിധിയിൽ വരുന്ന വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളിൽ കോവിഡ് മൂലം മരിച്ച 49 പേരുടെ ആശ്രിതർക്കാണ് ഇഎസ്ഐസി കോവിഡ്-19 ആശ്വാസ പദ്ധതിയുടെ കീഴിൽ ആനുകൂല്യങ്ങൾ അനുവദിച്ചത്. ആഗസ്റ്റ് ആറ് വരെയുള്ള കണക്കാണിത്.
മരണമടഞ്ഞ തൊഴിലാളിയുടെ വേതനത്തിന്റെ 90% വരുന്ന തുകയാണ് ആശ്രിതർക്ക് നിശ്ചിത അനുപാതത്തിൽ പ്രതിമാസം നൽകുന്നത്. കൂടാതെ മരണമടഞ്ഞ തൊഴിലാളിയുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവിന് വർഷത്തിൽ 120 രൂപ അടച്ച് ഇഎസ് ഐ ചികിത്സാ ആനുകൂല്യവും നേടാം. 2020 മാർച്ച് 24 മുതൽ മുൻകാല പ്രാബല്യത്തോടെ രണ്ടു വർഷത്തേക്കാണ് പദ്ധതി തുടക്കത്തിൽ നടപ്പാക്കുന്നത് .
കോവിഡ് 19 മൂലം ജോലിയിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരുന്നതുമൂലമുള്ള വേതന നഷ്ടം പരിഹരിക്കാൻ ഇഎസ്ഐ നിയമം 1948 പ്രകാരം, ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ, ശരാശരി വേതനത്തിന്റെ 70% വർഷത്തിൽ പരമാവധി 90 ദിവസം വരെ, രോഗാനുകൂല്യമായി നൽകുന്നുണ്ട്.
ഇ.എസ്.ഐ നിയമ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളി കോവിഡ്-19 മൂലം മരണപ്പെടുകയാണെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിൽ അവശേഷിക്കുന്ന ഏറ്റവും മുതിർന്ന അംഗത്തിനോ അല്ലെങ്കിൽ ആരാണോ സംസ്കാര ചെലവ് നടത്തിയത് അവർക്കോ 15000 രൂപയും നൽകുന്നുണ്ട്. ഓരോ സംസ്ഥാനവുമായും ബന്ധപ്പെട്ടുള്ള പരാതികൾ 15 ദിവസത്തിനുള്ളിൽ പരിഹരിക്കുന്നുണ്ട്. ഫോൺ: 9645964566, വെബ്സൈറ്റ്: www.esic.nic.in
