ആലപ്പുഴ: അഭിനയത്തിനൊപ്പം ചിത്രകലയിലും തന്റേതായ സ്ഥാനം നേടുകയാണ് ചിത്രകാരിയും അഭിനേത്രിയുമായ കാർത്തിക മുരളി. ലോകമേ തറവാട് കലാ പ്രദർശനത്തിൽ ചിത്രങ്ങളും കൊളാഷും ഒരുക്കിയാണ് സി.ഐ.എ, അങ്കിള്‍ എന്നീ ചിത്രങ്ങളിലെ നായികയായ കാര്‍ത്തിക ശ്രദ്ധ നേടുന്നത്. ആലപ്പുഴ കയര്‍ കോര്‍പ്പറേഷന്‍ കെട്ടിടത്തിലാണ് ചിത്രങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

സൃഷ്ടി സ്‌കൂൾ ഓഫ് ആർട്സ് ഡിസൈൻ ആൻഡ് ടെക്‌നോളജിയിൽ നിന്നും പഠനം പൂർത്തിയാക്കിയ കാർത്തിക നാടക രംഗത്തും സജീവമാണ്. സാഹിത്യ സൃഷ്ടികളുടെ ഇൻസ്റ്റലേഷനുകളും സ്റ്റേജ് ഡിസൈനുകളും കാര്‍ത്തിക ചെയ്യുന്നുണ്ട്. സമകാലിക ചിത്രകല ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കാര്‍ത്തിക പറയുന്നു.
ലഗേ രഹോ മുന്നാ ഭായ്, ത്രീ ഇഡിയറ്റ്‌സ്, പികെ, പാനിപറ്റ് തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച
മുംബൈയില്‍ സ്ഥിരതാമസമാക്കിയ ബോളീവുഡ് ക്യാമറാമാന്‍ സി കെ മുരളീധരന്റെ മകളാണ് കാര്‍ത്തിക. മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും ഒപ്പം നായികയായി അഭിനയിച്ചിട്ടുണ്ട്.