കുടുംബശ്രീ ഉത്സവിന് ജില്ലയില്‍ തുടക്കമായി

കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു വാങ്ങാം. ഓണ്‍ലൈന്‍ വിപണനമേള ‘കുടുംബശ്രീ ഉത്സവിന് ‘ ജില്ലയില്‍ തുടക്കമായി. ഒരു വീട്ടില്‍ ഒരു കുടുംബശ്രീ ഉല്‍പ്പന്നം എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ വിപണി പ്രോത്സാഹിപ്പിക്കുകയാണ് മേളയിലൂടെ. www.kudumbashreebazar.com വെബ്സൈറ്റിലൂടെ സംസ്ഥാനത്തെ 350 ഓളം കുടുംബശ്രീ സംരംഭകരുടെ ആയിരത്തോളം ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ഓഗസ്റ്റ് 31 വരെയാണ് മേള. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവുണ്ട്. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ പോസ്റ്റ് ഓഫീസ് വഴി ലഭ്യമാക്കും.
നാടന്‍ ഉല്പന്നങ്ങളായ തേന്‍, മുളകുപൊടി, പയറുപൊടി, മഞ്ഞപ്പൊടി തുടങ്ങിയവയും കരകൗശല ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, അച്ചാറുകള്‍, കുടകള്‍, സ്‌ക്വാഷ്, ആദിവാസി വിഭാഗക്കാരുടെ വനവിഭവങ്ങള്‍ എന്നിവയും ലഭ്യമാകും. ഓണ്‍ലൈന്‍ വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം കഴിഞ്ഞദിവസം ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.