മലപ്പുറം :കോവിഡ് ബാധിച്ചവരില്‍ നേത്ര ഇ.എന്‍.ടി സംരക്ഷണം ലക്ഷ്യമിട്ട് വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി ആയുര്‍വേദ പരിരക്ഷാ പദ്ധതി നടപ്പിലാക്കുന്നു. ആധുനിക പരിശോധന സംവിധാനത്തോടെ മികച്ച രീതിയിലാണ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നേത്ര ഇ.എന്‍.ടി വിഭാഗം പ്രവര്‍ത്തിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ ഉഷ അറിയിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ നേത്ര മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.വി ശ്രീപ്രിയയുടെ നേതൃത്വത്തില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പരിശോധനയും ചികിത്സയും നടക്കുന്നത്.
കോവിഡ് ബാധിച്ചവരില്‍ കണ്ണിനും, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും, ഉറക്കക്കുറവ്, തലകറക്കം തുടങ്ങിയ അനുബന്ധ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. കോവിഡ് മാറിയാലും ഈ പ്രശ്‌നങ്ങള്‍ ദീര്‍ഘനാളുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവയ്ക്കുള്ള ആയുര്‍വേദ പരിരക്ഷയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കോവിഡാനന്തര നേത്ര ഇ.എന്‍.ടി രോഗങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സാ സാധ്യതകളെ കുറിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നതായും നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കബീര്‍ പറഞ്ഞു.