ആലപ്പുഴ: വിദ്യാഭ്യാസ മേഖലയിൽ ലിംഗ സമത്വം കൈവരിക്കാൻ കേരളത്തിനായെന്ന് നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘വിജ്ഞാന ജ്യോതി’ യുടെ ഉദ്ഘാടനം കലവൂർ ഗവൺമെന്റ് ഹൈസ്‌കൂളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു സ്പീക്കർ.
ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരും പഠിക്കുന്നു എന്നുള്ളത് കേരളത്തിൽ അത്ഭുതകരമായ കാര്യമല്ല. പക്ഷേ കേരളത്തിനു പുറത്തെ സ്ഥിതിവച്ചു നോക്കുമ്പോൾ ഈ നേട്ടം അഭിമാനകരമാണ്. വിദ്യാഭ്യാസമേഖലയെ പിന്തുണച്ചാൽ പിന്നാക്ക മേഖലകളിൽ അത്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും.
വിജ്ഞാന ജ്യോതി പദ്ധതി കേരളത്തിൽ ശ്രദ്ധിക്കപ്പെടുന്ന പദ്ധതിയായി മാറും.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ന് പെൺകുട്ടികൾക്കാണ് ആധിപത്യം. വിദ്യാഭ്യാസം ഒരു കുറ്റമായി കണക്കാക്കപ്പെടുന്ന മത രാഷ്ട്രങ്ങൾ നിലനിൽക്കുന്ന ലോകത്ത് ആൺ-പെൺ വ്യത്യാസമില്ലാതെ പഠിക്കാൻ കഴിയുന്നുവെന്നതും പെൺകുട്ടികൾക്ക് അവർ ആഗ്രഹിക്കുന്നതു പോലെ പഠിച്ച് വളരാൻ കഴിയുന്നതും അഭിമാനകരമായ കാര്യമാണെന്നും സ്പീക്കർ പറഞ്ഞു. പേന കൊണ്ടും പുസ്തകങ്ങൾ കൊണ്ടും ലോകത്തെ മാറ്റി മറിക്കുന്നവരായി പെൺകുട്ടികൾ മാറേണ്ടതുണ്ട്. ഇന്നത്തെ ഇരുണ്ട കാലത്ത് പെൺകുട്ടികൾ മുഖ്യധാരയിലേക്ക് വരുന്നത് പ്രതീക്ഷാനിർഭരമാണെന്നും ചോദ്യങ്ങൾ ചോദിക്കാനുള്ള വിമർശന ബുദ്ധി കൂടി ഉണ്ടായാൽ മാത്രമേ വിദ്യാഭ്യാസം അർത്ഥവത്താകൂവെന്നും സ്പീക്കർ പറഞ്ഞു.

ആലപ്പുഴ മണ്ഡലത്തിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ് ലഭിച്ച 768 കുട്ടികളെയും ഹയർസെക്കൻഡറി പരീക്ഷയിൽ മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയ 364 വിദ്യാർഥികളെയും എംഎൽഎ മെരിറ്റ് അവാർഡ് നൽകി സ്പീക്കർ അനുമോദിച്ചു. 100 ശതമാനം വിജയം നേടിയ സ്‌കൂൾക്കും സ്പീക്കർ ഉപഹാരം നൽകി.

ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.വി. അജിത് കുമാർ, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. ഷൈല, ആലപ്പുഴ ഡി.ഇ.ഒ. റാണി തോമസ്, ചേർത്തല ഡി.ഇ.ഒ. പി.കെ. ഷൈലജ എന്നിവർ പങ്കെടുത്തു.