ആലപ്പുഴ : സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് എല്ലാവിധ സഹായവും സംരക്ഷണവും ഉറപ്പാക്കുക എന്നതാണ് സർക്കാർ നിലപാടെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. പട്ടണക്കാട് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  ക്ഷീര കർഷകരുടെ നടുവൊടിക്കുന്ന തരത്തിലുള്ള കേന്ദ്രസർക്കാർ നടപടികൾക്കെതിരെ ശക്തമായ വിയോജിപ്പ് സംസ്ഥാന സർക്കാർ അറിയിക്കും. ഇത്തരത്തിലുള്ള നടപടികൾ പിൻവലിക്കാനുള്ള സമ്മർദ്ദവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വിവിധ കാർഷിക മേഖലകളെ പരസ്പരം ബന്ധപ്പെടുത്തി സംയോജിതകൃഷി രീതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.  കൃഷിവകുപ്പ്, ക്ഷീര വികസന  വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങിയ വകുപ്പുകളെ പരസ്പരം സംയോജിപ്പിച്ച് നാട്ടിലെ കാർഷിക മേഖലയെ  നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള  ശ്രമങ്ങൾ സർക്കാർ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പട്ടണക്കാട് ക്ഷീരോല്പാദക സഹകരണ സംഘത്തിൽ  ക്ഷീര വികസന വകുപ്പിന്റെ ധന സഹായത്തോടെ സ്ഥാപിച്ച ഓട്ടോമാറ്റിക് മിൽക്ക് കളക്ഷൻ യൂണിറ്റിന്റെ ഉദ്ഘാടനം എ. എം ആരിഫ് എം.പി നിർവഹിച്ചു. ദലീമ ജോജോ എം.എൽ.എ സംഘത്തിലെ മികച്ച ക്ഷീരകർഷകരെ ആദരിച്ചു.മുൻ മന്ത്രി പി തിലോത്തമന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പട്ടണക്കാട് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം നടത്തുന്നത്.

ചടങ്ങിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, ജില്ലാ പഞ്ചായത്ത് അംഗം എൻ.എസ് ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ആർ ജീവൻ, അംഗം വി കെ സാബു, ക്ഷീര വികസന ഓഫീസർ ബി.ആശ, സംഘം പ്രസിഡന്റ് കെ. പി രാധാകൃഷ്ണൻ ഉണ്ണി, സെക്രട്ടറി കെ.കെ ജഗദീശൻ,  എൻ.പി ഷിബു, പി.ഡി ബിജു, എസ്  പി സുമേഷ്, പ്രജീന വിനോദ്, എൻ വിനീത്, ഷൈജ ദത്ത് തുടങ്ങിയവർ പങ്കെടുത്തു.