വയനാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാര അദാലത്ത് ജനുവരി 20ന് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും 21ന് പൊഴുതന ഗ്രാമപഞ്ചായത്തിലും രാവിലെ 10 മുതല്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ അറിയിച്ചു. പരാതി പരിഹാര പരിപാടിയിലേക്ക് ഇന്ന് (ജനുവരി 14) മുതല്‍ 17 വരെ സുല്‍ത്താന്‍ ബത്തേരി അസംഷന്‍, ചുങ്കം, ബീനാച്ചി, കുപ്പാടി, ആറാം മൈല്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന അപേക്ഷ നല്‍കാം. ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും പൊതുജനങ്ങളെ നേരില്‍ കണ്ട് പ്രശ്നങ്ങള്‍ കേള്‍ക്കും.
അടിയന്തിരമായി തീര്‍പ്പാക്കേണ്ട പരാതികള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിക്കുകയാണ് ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാരത്തിലൂടെ. ആരോഗ്യ-അക്ഷയ-ബാങ്ക് സര്‍വ്വീസുകള്‍ക്കായി പരാതി പരിഹാര പദ്ധതിയില്‍ പ്രത്യേക കൗണ്ടര്‍ സജീകരിക്കും. അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി തുടര്‍ നടപടി സ്വീകരിക്കും.
നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, പ്രൊപോസലുകള്, ലൈഫ് മിഷന്, ജോലി/പി.എസ്.സി സംബന്ധ അപേക്ഷകള്‍, വായ്പ എഴുതിത്തള്ളല്‍, പൊലീസ് കേസുകള്‍, ഭൂമി സംബന്ധമായ അപേക്ഷ (പട്ടയങ്ങള്‍, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായത്തിനായുള്ള അപേക്ഷ, സാമ്പത്തിക സഹായ അപേക്ഷകള്‍ (ചികിത്സയുള്‍പ്പെടെ), ജീവനക്കാര്യം, റവന്യൂ റിക്കവറി-വായ്പ തിരിച്ചടവ് സാവകാശം, ഇളവുകള്‍ എന്നിവ സംബന്ധിച്ച അപേക്ഷകള്‍ അദാലത്തില്‍ സ്വീകരിക്കില്ല.
