എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ നിർമ്മാണ പ്രവർത്തനങ്ങൾ സമയ ബന്ധതിമായി പൂർത്തിയാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മെഡിക്കൽ കോളേജിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിർദ്ദേശം.

മെഡിക്കൽ കോളേജിൽ ഇങ്കൽ നടത്തുന്ന 368 കോടി രൂപയുടെ മാതൃ -ശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിന്റെ നിർമ്മാണം, ഓക്സിജൻ സ്റ്റോറേജ് പ്ളാന്റ് നിർമ്മാണം , സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് നവീകരണം എന്നിവയുടെ നിർമ്മാണ പുരോഗതി യോഗം വിലയിരുത്തി. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാക്കി 2022 നവംബറിൽ പൂർണ്ണ തോതിൽ പ്രവർത്തനം ആരംഭിക്കണം. സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് നവീകരണം സെപ്റ്റംബർ 30 നകം പൂർത്തീകരിക്കാൻ മന്ത്രി വീണ ജോർജ് ഇൻകലിന് നിർദ്ദേശം നൽകി. നിർത്തി വെച്ചിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ പുനരാരംഭിക്കും. കരാറുകാരുമായുള്ള തർക്കങ്ങൾ ഇൻകൽ ഒരാഴ്ച്ചക്കുള്ളിൽ പരിഹരിക്കണം.

മെഡിക്കൽ കോളേജിൽ പിഡബ്ല്യുഡി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളും കാലതാമസം കൂടാതെ പൂർത്തിയാക്കണം. എല്ലാ മാസവും ഇങ്കലിന്റെയും പിഡബ്ല്യുഡിയുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകനം നടത്തി റിപ്പോർട്ട് നൽകണം. പുതിയ ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആവശ്യമെങ്കിൽ സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം താത്കാലിക നിയമനം നടത്താനും മന്ത്രി നിർദ്ദേശം നൽകി.

കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിൽ ട്രോമ കെയർ ന്യൂറോ സർജറി , യൂറോളജി തുടങ്ങി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പിഡബ്ല്യൂഡിയുടെ ഓഫീസ് അടുത്ത ആഴ്ച്ച മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിക്കും.

യോഗത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസ്, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ റംല ബീവി, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കല കേശവൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഗണേഷ് മോഹൻ, ആർഎംഒ ഡോ. മനോജ് ആന്റണി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നുമ്പേലി എ.ഡി.എം എസ്. ഷാജഹാൻ, എന്നിവർ പങ്കെടുത്തു.