കോവിഡ് പോസിറ്റീവായി വീടുകളില്‍ കഴിയുന്നവര്‍ രോഗം ഗുരുതരമാകുന്നതും രോഗം വീട്ടിലുള്ള മറ്റുള്ളവര്‍ക്കും കൂടി പകരുന്നതും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗം മറ്റുള്ളവരിലേക്ക് പകരുന്നതൊഴിവാക്കാന്‍ വീടുകളില്‍ രോഗിക്കായി പ്രത്യേകം മുറിയും ശുചിമുറിയും ഉണ്ടായിരിക്കണം. മറ്റുള്ളവരില്‍ നിന്ന് ശാരീരിക അകലം പാലിക്കുകയും രണ്ട് മാസ്‌ക് ധരിക്കുകയും വേണം.കോവിഡ് പോസിറ്റീവായി വീടുകളിലിരിക്കുന്നവര്‍ രോഗത്തിന്റെ ഗുരുതര അവസ്ഥകള്‍ വരാതെ സൂക്ഷിക്കുകയും ശരീരത്തിന്റെ ആരോഗ്യനില ശ്രദ്ധിക്കുകയും ചെയ്യണം. രോഗം ഗുരുതരമാകുന്ന സാഹചര്യം സ്വയം നിരീക്ഷിച്ച് മനസിലാക്കുകയും ആര്‍.ആര്‍.ടി (ദ്രുത കര്‍മ്മ സേന), മെഡിക്കല്‍ ഓഫീസര്‍ എന്നിവരെ ഉടന്‍ അറിയിക്കുകയും ചെയ്യണം. വിശ്രമാവസ്ഥയില്‍ ശ്വാസതടസം ഉണ്ടാകുക, പെട്ടെന്ന് ശ്വാസതടസം ഉണ്ടാകുക, ഗുരുതരമായ ശ്വാസതടസം മൂലം രോഗിക്ക് സംസാരിക്കാന്‍ കഴിയാതെ വരിക, കഴിഞ്ഞ ഒരു മണിക്കൂറിന് മുമ്പുള്ള അടിസ്ഥാന ശ്വസന നിരക്കില്‍ നിന്നും വലിയ വ്യതിയാനം വരുക, രക്തത്തിലെ ഓക്‌സിജന്റെ അളവ് 94ല്‍ കുറവാകുക, ഹൃദയ മിടിപ്പ് കുറയുക, ചിന്താകുഴപ്പം, ഓര്‍മക്കുറവ്, ബോധക്ഷയം, വിളര്‍ച്ച, കൈകാല്‍ വിരലുകളില്‍ തണുപ്പ് എന്നിവ അനുഭവപ്പെടുക, മൂത്രത്തിന്റെ അളവ് കുറയുക, ദിനചര്യകള്‍ ഒന്നും സ്വയം ചെയ്യാന്‍ കഴിയാതെ വരിക തുടങ്ങിയവയാണ് രോഗം ഗുരുതരമാകുന്ന അവസ്ഥകള്‍. ഈ അവസ്ഥകളില്‍ ഒന്നോ അതിലധികമോ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വാര്‍ഡ് മെമ്പര്‍മാര്‍/ കൗണ്‍സിലര്‍മാര്‍/ ആര്‍.ആര്‍.ടി (ദ്രുത കര്‍മ്മ സേന)/ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ /ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെയോ ഓരോ ഹെല്‍ത്ത് ബ്ലോക്കുകളിലും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ബ്ലോക്ക്തല കണ്‍ട്രോള്‍ സെല്ലുമായോ ബന്ധപ്പെടണം.

മെഡിക്കല്‍ ഓഫീസര്‍ രോഗിയുടെ രോഗാവസ്ഥ കൃത്യമായി വിശകലനം ചെയ്ത ശേഷം സി.എഫ്.എല്‍.ടി.സി യിലേക്കോ സ്റ്റബിലൈസേഷന്‍ യൂണിറ്റിലേക്കോ കോവിഡ് ആശുപത്രിയിലേക്കോ മാറ്റി വിദഗ്ദ ചികിത്സ നല്‍കും.കോവിഡ് പോസിറ്റീവാകുന്ന പ്രായമായവരും ഇതര ജീവിതശൈലീ രോഗങ്ങളുള്ളവരും കോവിഡ് ആശുപത്രികളില്‍ പോയി വിദഗ്ദ ചികിത്സ തേടണം. കോവിഡ് പോസിറ്റീവാകുന്നവര്‍ രക്താതിസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചാസാരയുടെ അളവ്, ഹൃദ്രോഗാവസ്ഥ എന്നിവ കൂടി മനസ്സിലാക്കി ഇതര രോഗ ബാധിതരാണോ എന്ന് സ്വയം തിരിച്ചറിയണം. കോവിഡിനെതിരെയുള്ള പ്രാഥമിക പ്രതിരോധ മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്നും ഒരു വ്യക്തിക്ക് രോഗം വരുമ്പോള്‍ വീട്ടിലെ എല്ലാവരിലേക്കും രോഗം പകരുന്ന സാഹചര്യം തടയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.