കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഭരണസമിതി യോഗം പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ നടന്നു. ഉരുള്‍പ്പൊട്ടലിലും നിപ ബാധിച്ചും മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് യോഗ നടപടികള്‍ ആരംഭിച്ചത്. ജില്ലയിലെ 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ ജൂലൈ മാസത്തില്‍ തുടങ്ങാനും ടെണ്ടര്‍ നടപടികള്‍ ഓഗസ്ത് മാസത്തോടെ പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മൂന്ന് പ്രമേയങ്ങള്‍ അംഗീകരിച്ചു. നിപ വൈറസ് നിയന്ത്രണ വിധേയമാക്കുന്നതിന് പ്രവര്‍ത്തിച്ച മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും ആരോഗ്യപ്രവര്‍ത്തകരേയും അനുമോദിച്ച പ്രമേയം പ്രസിഡന്റ് അവതരിപ്പിച്ചു.വൈസ് പ്രസിന്റ്  റീന മുണ്ടേങ്ങാട്ട് പിന്താങ്ങി. ഉരുള്‍പ്പൊട്ടലിലുണ്ടായ  നാശനഷ്ടങ്ങള്‍ കണക്കാക്കി നഷ്ടപരിഹാരത്തുക ലഭ്യമാക്കാനും തകര്‍ന്ന റോഡുകള്‍ പുനനിര്‍മ്മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര-കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ബാബു അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് പിന്താങ്ങി. സര്‍ക്കാര്‍ ഇടപെടലിലൂടെ ധനസഹായം സ്വരൂപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തിരുവമ്പാടി ഡിവിഷനിലെ ഇരുവഴിഞ്ഞി-ചാലിയാര്‍ പുഴയുടെ തീരങ്ങള്‍ ഇടിയുന്നത് തടയാന്‍ പുഴയോരം കെട്ടി സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.കെ കാസിം അവതരിപ്പിച്ചു.
മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ റെയിന്‍ ട്രീ ഫൗണ്ടേഷനുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. പഞ്ചായത്ത് മെമ്പര്‍ അഹമ്മദ് പുന്നക്കല്‍ പിന്താങ്ങി. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍,നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.