കുടുംബശ്രീ ഉല്‍പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനം മെച്ചപ്പെടുത്തുന്നതിന് സെപ്റ്റംബര്‍ 15 വരെ ‘കുടുംബശ്രീ ഓണം ഉത്സവ്’ എന്ന പേരില്‍ ഓണ്‍ലൈന്‍ പ്രൊമോഷന്‍ ക്യാമ്പയിനും വിപണന മേളയും ആരംഭിച്ചു. ഇതിനായി www.kudumbashreebazaar.com എന്ന പേരില്‍ ഇ -കൊമേഴ്സ് പോര്‍ട്ടല്‍ ആരംഭിച്ചു. 350 ഓളം സംരംഭകരുടെ 1020 ഓളം ഉത്പന്നങ്ങള്‍ നിലവില്‍ ഈ പോര്‍ട്ടലിലൂടെ വിപണനം ചെയ്യുന്നുണ്ട്. ഗുണമേന്മയേറിയ കുടുംബശ്രീ ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി വാങ്ങുമ്പോള്‍ ഉപഭോക്താക്കളുടെ വീടുകളില്‍ എത്തിച്ചു നല്‍കുന്നു എന്നതാണ് ഓണം ഉത്സവിന്റെ പ്രത്യേകത. 10% മുതല്‍ 40% വരെ വിലക്കിഴിവുണ്ട്.

മികച്ച കുടുംബശ്രീ ഉത്പന്നങ്ങള്‍, വിവിധയിനം അച്ചാറുകള്‍, മറ്റു മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, ബിസ്‌കറ്റുകള്‍, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പോഷകാഹാരങ്ങള്‍, കൊണ്ടാട്ടങ്ങള്‍, കരകൗശല വസ്തുക്കള്‍, കത്തി, ഇരുമ്പ് പാത്രങ്ങള്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍,  കരകൗശല വസ്തുക്കള്‍, കൈത്തറി വസ്ത്രങ്ങള്‍,  ആഭരണങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയ ഗുണമേന്മയുള്ള കുടുംബശ്രീ ഉത്പന്നങ്ങള്‍ പോര്‍ട്ടലില്‍നിന്നും വിലക്കുറവില്‍ വാങ്ങാന്‍ കഴിയും. കോവിഡ് മഹാമാരിയില്‍ പ്രതിസന്ധിയിലായ ഒട്ടേറെ സംരംഭകര്‍ക്ക് വിപണിയും വരുമാനവും ഉറപ്പാക്കുന്നതിനും കുടുംബശ്രീ ഉത്പന്നങ്ങള്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഫ്രീ ഹോം ഡെലിവറി വ്യവസ്ഥയില്‍ ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ എത്തിച്ചു നല്‍കുന്നതിനുമാണ് ഓണം ഉത്സവ് സംഘടിപ്പിക്കുന്നത്.