കോട്ടയം ജില്ലയില്‍ ഈ വര്‍ഷം മെയ് മുതല്‍ ജൂലൈ വരെ ക്ഷീര വികസന വകുപ്പ് കര്‍ഷകര്‍ക്കായി നടപ്പാക്കിയത് 1,20,60,476 രൂപയുടെ പദ്ധതികള്‍.

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പാല്‍ ഉത്പാദനത്തില്‍ മുന്‍വര്‍ഷം ഇതേ കാലയളവിലേക്കാള്‍ ആറ് ലക്ഷത്തില്‍പരം ലിറ്ററിന്‍റെ വര്‍ധനവുണ്ടായതായി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു പറഞ്ഞു. 2020 ജൂണ്‍ മാസത്തിലെ കണക്കുകൾ പ്രകാരം 2438227.9 ലിറ്റര്‍ പാലാണ് ജില്ലയില്‍ ഉത്പാദിപ്പിച്ചത്. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ ഉത്പാദനം 3040297.56 ലിറ്ററായി. നിലവില്‍ ജില്ലയില്‍ 243 ക്ഷീരസംഘങ്ങളാണുള്ളത്.

കോവിഡ് 19 റിലീഫ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി 14,223 ചാക്ക് കാലിത്തീറ്റ ജില്ലയിലെ 10, 477 കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.ഇതിന് 56.89 ലക്ഷം രൂപ ചെലവിട്ടു. 6.38 ലക്ഷം രൂപ ചെലവഴിച്ച് കര്‍ഷകര്‍ക്ക് 6090 കിലോ കാള്‍ സാഗര്‍, മിനറല്‍
മിക്ചര്‍ തുടങ്ങിയവ ലഭ്യമാക്കി. സബ്സിഡി നിരക്കില്‍ തീറ്റ വിതരണം ചെയ്യുന്നതിന് 11.64 ലക്ഷം രൂപ വിനിയോഗിച്ചു.

മില്‍ക്ക് ഷെഡ് ഡെവലപ്മെന്‍റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാലിത്തൊഴുത്ത് നിര്‍മാണം, പശു യൂണിറ്റ് തുടങ്ങിയവയ്ക്കായി 4.46 ലക്ഷം രൂപ കര്‍ഷകര്‍ക്കു നല്‍കി. പശുക്കള്‍ നഷ്ടപ്പെട്ട 52 ക്ഷീര കര്‍ഷകര്‍ക്ക് 15,000 രൂപ വീതം കണ്ടിജന്‍സി ഫണ്ട് ഇനത്തില്‍ വിതരണം ചെയ്തു. ഈയിനത്തില്‍ ആകെ 7.8 ലക്ഷം രൂപ ചിലവഴിച്ചു.

ക്ഷീര സംഘങ്ങളുടെ ഉന്നമനത്തിനായി 16.8 ലക്ഷം രൂപ ചിലവിട്ടു. ജില്ലയിലെ ക്ഷീരസംഘങ്ങള്‍ക്ക് എഫ്.എസ്.എസ്.എ ധനസഹായമായി 45000 രൂപ വീതം ആകെ 3,60,000 രൂപ നല്‍കി. ഏറെ നാളായി പൂട്ടികിടന്ന വൈക്കം കൊതവറ ക്ഷീര സംഘത്തിന്‍റെ പുനരുദ്ധാരണത്തിനായി 61500 രൂപയും സംഘങ്ങളുടെ നവീകരണത്തിനായി ആവശ്യാധിഷ്ഠിത ഫണ്ടായി ഏഴു യൂണിറ്റുകള്‍ക്ക് 9,29,438 രൂപയും അനുവദിച്ചു. 3,30,000 രൂപ ചെലവഴിച്ച് മൂന്ന് ക്ഷീരസംഘങ്ങളില്‍ പാല്‍ അളക്കുന്നതിനുള്ള ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ് സ്ഥാപിച്ചു.

തീറ്റപ്പല്‍കൃഷി, ജലസേചനം, യന്ത്രവല്‍ക്കരണം എന്നിവയ്ക്കായും ധനസഹായം നല്‍കുന്നുണ്ട്. ജില്ലയില്‍ 144 ഹെക്ടര്‍ സ്ഥലത്താണ് തീറ്റപ്പുല്‍ കൃഷി നടത്തുന്നത്. 12.10 ലക്ഷം രൂപയാണ് പദ്ധതി തുക. ക്ഷീരസുരക്ഷ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ചികിത്സാ ധനസഹായമായി 1,08,779 രൂപയാണ് ഈ കാലയളവിൽ അനുവദിച്ചിട്ടുള്ളത്‌.