പാലക്കാട് : ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം, കോട്ടത്തറ ഗവ:ട്രൈബല്‍ ആശുപത്രി, അഗളി സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായി ഷോളയൂര്‍ ഗ്രാമ പഞ്ചായത്തിലെ കോട്ടമല, ചുണ്ടക്കുളം ആദിവാസി ഊരുകളില്‍ നേത്രരോഗ പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ദേശീയ അന്ധതാ കാഴ്ച്ച വൈകല്യ നിയന്ത്രണ പരിപാടികളുടെയും ദേശീയ നേത്രദാന പക്ഷാചരണതിന്റെയും ഭാഗമായാണ് ഊരുകളില്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പില്‍ 45 പേര്‍ പരിശോധനയ്ക്ക് വിധേയരായി. തിമിര ശസ്ത്രക്രിയ ആവശ്യമായ ഏഴ് പേരെ ക്യാമ്പിലൂടെ കണ്ടെത്തി. വരും ദിവസങ്ങളില്‍ ഷോളയൂര്‍ ഗ്രാമ പഞ്ചായത്തിലെ മറ്റ് ആദിവാസി ഊരുകളിലും നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഷോളയൂര്‍ എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് മുസ്തഫ പറഞ്ഞു.

ഷോളയൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്.കാളിസ്വാമിയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ ഒപ്‌റ്റോമെട്രിസ്റ്റ് സൗമ്യ ദേവസിയ, സുസ്മിത, ട്രൈബല്‍ പ്രൊമോട്ടര്‍ തങ്കമണി, ആശ വര്‍ക്കര്‍ സുന്ദരി, അംഗന്‍വാടി വര്‍ക്കേഴ്‌സ് കമല, ഏലികുട്ടി, നളിനി എന്നിവര്‍ പങ്കെടുത്തു.