കൊല്ലം :ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം പത്താം വാര്‍ഡിലെയും തേവലക്കര ഗ്രാമപഞ്ചായത്തിലെ നടുവിലക്കര മൂന്നാം വാര്‍ഡിലെയും ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സെപ്റ്റംബര്‍ ആറിന് ആരംഭിക്കും. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി. ആര്‍. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ഇ. ആര്‍. ഒ. മാരുടെയും എ. ഇ.ആര്‍. ഒമാരുടെയും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ കരട് വോട്ടര്‍പട്ടിക സെപ്റ്റംബര്‍ ആറിന് പ്രസിദ്ധീകരിക്കും. 20 വരെ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള അപേക്ഷകളും പരാതികളും നല്‍കാം. 2021 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാം. സെപ്റ്റംബര്‍ 30ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
