കൊല്ലം :കോവിഡിനെതിരെ ആര്‍ജ്ജിത പ്രതിരോധശേഷി വിലയിരുത്തുന്നതിനുള്ള മൂന്നാം സെറോളജിക്കല്‍ സര്‍വെ ജില്ലയില്‍ തുടങ്ങിയതായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ഗര്‍ഭിണികള്‍, 18 വയസ്സിന് താഴെയുള്ള കുട്ടികള്‍, 49 ന് മുകളിലുള്ള മുതിര്‍ന്നവര്‍ എന്നിവരിലാണ് പഠനം നടത്തുക. പ്രതിരോധ കുത്തിവയ്പ്പ്-രോഗബാധയിലൂടെ നേടിയ പ്രതിരോധ ശേഷി വിലയിരുത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും എന്നും വ്യക്തമാക്കി.
10 ഗ്രാമപ്രദേശങ്ങളിലും മൂന്ന് നഗരങ്ങളിലുമാണ് സര്‍വെ. തീരദേശ-ആദിവാസി മേഖലയിലുള്ളവരേയും പഠനവിധേയമാക്കും. ഇതുവഴി രോഗബാധയുടെ തോത് കണക്കാനാകും. പുനലൂര്‍ താലൂക്ക് ആശുപത്രി, സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രി, എന്‍. എസ്. ആശുപത്രി, മെഡിസിറ്റി, അഞ്ചല്‍ മെറ്റേണിറ്റി ആശുപത്രി എന്നിവടങ്ങളില്‍ നിന്ന് ഗര്‍ഭിണികളുടെ സാമ്പിള്‍ ശേഖരിക്കും. 5-17 വയസ്സ് വരെയുള്ള കുട്ടികളെ നാല് ഗ്രൂപുകളായി തിരിച്ച് പരിശോധന നടത്തും.
ഒന്നാം സര്‍വെയില്‍ 10.8 ശതമാനം പേര്‍ ആര്‍ജ്ജിത പ്രതിരോധ ശക്തി കൈവരിച്ചതായി കണ്ടെത്തിയിരുന്നു. പുതിയ പഠനത്തിന്റെ വിവരങ്ങള്‍ അടിസ്ഥാനമാക്കി തുടര്‍ന്നുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മാനദണ്ഡങ്ങള്‍ പുതുക്കാനാകുമെന്ന് ഡി. എം. ഒ അറിയിച്ചു.
