തൃശൂര്‍ :വലപ്പാട് ഗ്രാമപഞ്ചായത്ത്‌ പരിധിയിലെ വാഹനാപകടങ്ങൾക്ക് അറുതി വരുത്താൻ  ട്രാഫിക് ക്രമീകരണ സമിതി രംഗത്ത്. നാഷണൽ ഹൈവെ വലപ്പാട് ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെടുന്ന എടമുട്ടം പാലപ്പെട്ടി വളവ്, വലപ്പാട് കുരിശുപള്ളി ഭാഗങ്ങളിലെ വളവുകൾ എന്നിവിടങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് വലപ്പാട് ഗ്രാമപഞ്ചായത്ത് ട്രാഫിക് ക്രമീകരണ സമിതി. ആംബുലൻസ് ഉൾപ്പെടെ ഇരുപതോളം വാഹനങ്ങളാണ് ഇരുസ്ഥലങ്ങളിലുമായി ആഗസ്റ്റ് മാസത്തിൽ മാത്രം അപകടത്തിൽപ്പെട്ടത്. മൂന്ന് ജീവൻ നഷ്ടമാകുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. 2015ൽ ട്രാഫിക് ക്രമീകരണ സമിതിയുടെ നേതൃത്വത്തിൽ മണപ്പുറം ഫൗണ്ടേഷൻ്റെ സഹകരണത്തോടെ പാലപ്പെട്ടി വളവിൽ റിഫ്ളക്ടിംഗ്‌ സ്റ്റഡുകളും മറ്റും സ്ഥാപിച്ചതിനാൽ മൂന്ന് വർഷത്തിലധികം ഒരു വാഹനം പോലും അപകടത്തിൽ പെട്ടിരുന്നില്ല. എന്നാൽ ഒരുക്കിയ സംവിധാനങ്ങളെല്ലാം കാലാഹരണപ്പെട്ടതോടെ അപകടങ്ങൾ വീണ്ടും വർധിച്ചു. പലപ്പോഴും വാഹനങ്ങളുടെ അമിതവേഗതയും ഡ്രൈവർമാരുടെ അശ്രദ്ധയും അപകടങ്ങൾ വർധിപ്പിക്കുന്നുണ്ട്.

റോഡിൽ വേണ്ടത്ര സംവിധാനങ്ങൾ ഇല്ലാത്തതിന് പരിഹാരം കണ്ട് അപകടങ്ങൾക്ക് അറുതി വരുത്താനാണ് വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്കിൻ്റെയും വലപ്പാട് ജനമൈത്രി പൊലീസ് എസ് എച്ച് ഒ സുശാന്തിന്റെയും  നേതൃത്വത്തിൽ ട്രാഫിക് ക്രമീകരണ സമിതി രംഗത്തിറങ്ങിയിട്ടുള്ളത്. എടമുട്ടം പാലപ്പെട്ടി, വലപ്പാട് കുരിശുപള്ളി എന്നിവിടങ്ങളിൽ വളവുകൾക്കു മുൻപായി 60 മീറ്റർ, 30 മീറ്റർ എന്നീ അകലത്തിൽ റോഡിന് കുറുകെ ഏഴ് വരികളിലായി റിഫ്ളക്ടിംഗ് സ്റ്റഡുകൾ സ്ഥാപിക്കും. റോഡിന് ഇരുവശവും നിലവിലെ കാനയെ സംരക്ഷിച്ച് മീതെ കൈവരിയോട് കൂടി ഒരടി ഉയരത്തിൽ നടപ്പാത നിർമ്മിക്കും. ഇരുവളവുകളും ഉൾപ്പെടുന്ന പ്രധാന സ്ഥലങ്ങളിൽ എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിക്കും. പ്രദേശം മുഴുവൻ സമയവും ക്യാമറ നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. ഹൈവെ സുരക്ഷാ ജാഗ്രതാ സമിതി അംഗം ഷെമീർ എളേടത്ത് യോഗത്തിൽ പദ്ധതി വിശദീകരണം നടത്തി.
വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്, വലപ്പാട് പൊലീസ് എസ് എച്ച് ഒ സുശാന്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ആർ ജിത്ത്, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സുധീർ പട്ടാലി, പഞ്ചായത്ത് അംഗങ്ങളായ  ഇ.പി അജയഘോഷ്, അശ്വതി മേനോൻ,സിജി സുരേഷ്, ജയൻ കെ.കെ, മണി ഉണ്ണികൃഷ്ണൻ, വില്ലേജ് ഓഫീസർ മനോജ് കുമാർ, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജയരാജൻ, നാഷണൽ ഹൈവെ എ ഇ ലയ, മണപ്പുറം ഫൗണ്ടേഷൻ പ്രതിനിധി ശിൽപ്പ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് സ്ഥലങ്ങൾ സന്ദർശിച്ചു.