ഗ്രാമീണരെ കടകെണിയിലാക്കുന്ന ബ്ലേഡുമാഫിയയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന മുറ്റത്തെ മുല്ല ലഘുവായ്പ പദ്ധതി കോഴിക്കോട് ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫറോക്ക് സര്‍വീസ് സഹകരണ ബാങ്ക് ചുങ്കം ശാഖയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയില്‍ ഇന്ത്യയ്ക്ക് മാതൃകയാണ് കേരളം. ആധുനിക സേവനങ്ങള്‍ നല്‍കാന്‍ സാധിക്കാത്തതാണ് സഹകരണ മേഖല നേരിടുന്ന പ്രശ്‌നം. ഇത് പരിഹരിച്ച് കൊണ്ട് കേരള ബാങ്ക് ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ വി.കെ.സി. മമ്മദ് കോയ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ പ്രവര്‍ത്തന സമയം രാവിലെ എട്ട് മുതല്‍ വൈകീട്ട് എട്ട് വരെ ദീര്‍ഘിപ്പിക്കുന്നതിന്റെ പ്രഖ്യാപനം ഫറോക്ക് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ. കുമറു ലൈല നിര്‍വഹിച്ചു. പുതിയ വായ്പ പദ്ധതിയുടെ ഉദ്ഘാടനം സഹകരണ സംഘം ജോയന്റ് രജിസ്ട്രാര്‍ കെ. ഉദയഭാനു നിര്‍വഹിച്ചു.