കൊച്ചി: ഇടനിലക്കാരെ ഒഴിവാക്കി ഗുണനിലവാരമുള്ള മത്സ്യം മാര്‍ക്കറ്റില്‍ എത്തിക്കാന്‍ നടപടിയെടുക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. മത്സ്യത്തൊഴിലാളിക്ക് മീനിന്റെ വില നിശ്ചയിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാക്കും. മത്സ്യഫെഡിന് എല്ലാ ഹാര്‍ബറുകളിലും നേരിട്ട് ലേലത്തില്‍ ഇടപെടാന്‍ കഴിയുന്ന വിധത്തില്‍ സംവിധാനമുണ്ടാക്കും. തീരദേശസംഘങ്ങളെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുകയും, മത്സ്യത്തൊഴിലാളികള്‍ മത്സ്യത്തിന് വില നിശ്ചയിച്ച് ഇടനിലക്കാരെ ഒഴിവാക്കി മാര്‍ക്കറ്റില്‍ എത്തിക്കുന്ന വിധത്തില്‍ സംവിധാനം പരിഷ്‌കരിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. തോപ്പുംപടിയില്‍ മത്സ്യഫെഡ് ജില്ലാ ഓഫീസിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലേലത്തില്‍ നേരിട്ട് ഇടപെടാന്‍ കഴിയത്തക്കവിധം മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഇതിനായുള്ള വായ്പ മത്സ്യഫെഡ് വഴി നല്‍കാനാണു പദ്ധതി. ഇക്കാര്യത്തില്‍ നാഷണലൈസ്ഡ് ബാങ്കുകള്‍ സഹകരിച്ചില്ലെങ്കില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മത്സ്യസമ്പത്ത് ലേലം ചെയ്യുന്നതും വിപണിയിലെത്തിക്കുന്നതും ഗുണനിലവാരം സംരക്ഷിക്കുന്നതും സംബന്ധിച്ച പുതിയ ഒരു ബില്‍ കൊണ്ടു വരും. വില്‍ക്കുന്ന മത്സ്യത്തിന് വില നിശ്ചയിക്കാന്‍ മത്സ്യത്തൊഴിലാളിക്ക് അവകാശം നല്‍കുന്നതായിരിക്കും ബില്‍. പുതിയനിയമത്തില്‍ മത്സ്യസമ്പത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് എതിരെയും കര്‍ശന നടപടികള്‍ ഉണ്ടാകും. ഐസ് ഫാക്ടറികളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും.
ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യസമ്പത്ത് സംസ്ഥാനത്തിലെത്തുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ്. മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ സംസ്ഥാനത്ത് വില്‍ക്കുന്നതിനെതിരെ കര്‍ശനമായ ശിക്ഷ നടപ്പാക്കും. മാര്‍ക്കറ്റുകളില്‍ മായംകലര്‍ന്ന മല്‍സ്യം എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സാങ്കേതികവിദ്യ സിഫ്റ്റ് (സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ പേപ്പര്‍ സ്ട്രിപ്പ് വിദ്യ ഉപയോഗിച്ച് ഏതു മാര്‍ക്കറ്റിലും മായം കലര്‍ന്ന മത്സ്യം പരിശോധിക്കാന്‍ കഴിയും. ഇത് വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കണം. അതിനുശേഷം മാര്‍ക്കറ്റിങ്ങില്‍ കാര്യക്ഷമമായി ഇടപെടാന്‍ കഴിയും.
കോടതി വിധിയെ സ്വാഗതം ചെയ്യുന്നു: ട്രോളിങ് നിരോധനം സംബന്ധിച്ച കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. മത്സ്യസമ്പത്ത് സംരക്ഷിക്കാനായി കെഎംഎഫ് ആര്‍ എ നിയമം കൊണ്ടു വന്ന സര്‍ക്കാരിന്റെ നയം അതുതന്നെയാണ്. ഉപരിതലമത്സ്യബന്ധനം മാത്രം നടത്തുന്ന പരമ്പരാഗതമത്സ്യത്തൊഴിലാളികളെ പുതിയ കോടതിവിധി ബാധിക്കില്ല. എന്നാല്‍ ഉപരിതല മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന ചെറുവള്ളങ്ങളും ചെറുമത്സ്യങ്ങളെ പിടിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും.
ചെറുമത്സ്യങ്ങളെ പിടിക്കുന്നത് മത്സ്യസമ്പത്തിനെ നശിപ്പിക്കും. മത്സ്യബന്ധന രംഗത്തെ കര്‍ശനമായ ഇടപെടലിലൂടെ മത്സ്യസമ്പത്ത് 12 ശതമാനം വര്‍ധിച്ചു. ചെറുമല്‍സ്യം പിടിക്കുന്നവര്‍ക്കെതിരെ കര്‍ശന പിഴശിക്ഷ ചുമത്തിയതു മൂലം രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതികളും മത്സ്യഫെഡ് ഓഫീസിന്റെ രണ്ടാംനില നിര്‍മ്മാണ പ്രവര്‍ത്തനവും സമയബന്ധിതമായി പൂര്‍ത്തിയാക്കും. ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് തൊഴില്‍ അവസരം നല്‍കുന്ന കാവില്‍ പദ്ധതി സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചു. മത്സ്യ പ്രോസസിങ് രംഗത്ത് കൂടി സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വം ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
മത്സ്യഫെഡ് റിലയന്‍സ് ഫൗണ്ടേഷനുമായി ചേര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ശബ്ദസന്ദേശം നല്‍കുന്ന പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. അതത് ദിവസത്തെ പ്രധാന സന്ദേശങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഈ പദ്ധതി വഴി മൊബൈലിലൂടെ ലഭിക്കും.
കെ ജെ മാക്‌സി എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. മത്സ്യത്തൊഴിലാളികളുടെ ശാക്തീകരണത്തില്‍ മത്സ്യഫെഡ് കാര്യക്ഷമമായി ഇടപെടുന്നുവെന്ന് കെ ജെ മാക്‌സി എംഎല്‍എ അഭിപ്രായപ്പെട്ടു. ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയും യോഗത്തില്‍ പങ്കെടുത്തു.
തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് അനുവദിച്ച 10.6 സെന്റ് ഭൂമിയിലാണ് 1570 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ മത്സ്യഫെഡ് പുതിയ ജില്ലാ ഓഫീസ് സ്ഥാപിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ഒന്നാംനില 1400 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്നതിന്റെ തുടക്കവും മന്ത്രി ഉദ്ഘാടനം ചെയ്തു.
2017-18 വര്‍ഷത്തില്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലയിലെ മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണവും ചടങ്ങില്‍ നടന്നു. സംസ്ഥാനതലത്തില്‍ സമ്മാനാര്‍ഹരായ കണ്ണമാലി ചെറിയ കടവ് സംഘത്തിലെ യാഖീന്‍, കണ്ണമാലിയിലെ വീനസ് സംഘം എന്നിവയെ ചടങ്ങില്‍ ആദരിച്ചു. ജില്ലയിലെ കടലോര മേഖലയില്‍ മികച്ച മത്സ്യത്തൊഴിലാളി സഹകരണ സംഘമായി തിരഞ്ഞെടുത്ത ഞാറയ്ക്കല്‍ നായരമ്പലം സഹകരണ സംഘം, ഉള്‍നാടന്‍ മേഖലയിലെ മികച്ച സംഘമായി തിരഞ്ഞെടുത്ത ചിറ്റാറ്റുകര മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം, നായരമ്പലം എടവനക്കാട് വനിതാസംഘം തുടങ്ങിയവരുടെ പ്രതിനിധികളും മന്ത്രിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചു. മൈക്രോ ഫിനാന്‍സ് വായ്പാ വിതരണവും ചടങ്ങില്‍ നടന്നു.
മത്സ്യ ഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍, മത്സ്യ ഫെഡ് മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ ലോറന്‍സ് ഹരോള്‍ഡ്, കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, കൗണ്‍സിലര്‍ കെ കെ കുഞ്ഞച്ചന്‍, ഫിഷറീസ് ഡപ്യൂട്ടി ഡയറക് ടര്‍ എസ് മഹേഷ്, ജോയിന്റ് ഡയറക്ടര്‍ എ രമാദേവി, മത്സ്യഫെഡ് ഭരണസമിതിയംഗങ്ങളായ കെ സി രാജീവ്, പി.ബി ഫ്രാന്‍സിസ് ദാളോ, ടി രഘുവരന്‍, ശ്രീവിദ്യ സുമോദ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ സി ഡി ജോര്‍ജ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.