സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായുള്ള പട്ടയമേള സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 14 ന് തൃശൂർ ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ഇതോടനുബന്ധിച്ച് ജില്ലയിലെ നാല് താലൂക്കുകളിലും പട്ടയവിതരണം നടത്തും. കാസർകോട് താലൂക്കിലെ പട്ടയ വിതരണം കളക്ടറേറ്റിലും മഞ്ചേശ്വരം, ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ പട്ടയവിതരണം അതത് താലൂക്ക് ഓഫീസുകളിലും നടത്തും. ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർകോവിൽ, ജില്ലയിലെ എം.എൽ.എമാരായ സി.എച്ച്. കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരൻ, എ.കെ.എം. അഷ്റഫ്, എൻ.എ. നെല്ലിക്കുന്ന്, എം. രാജഗോപാലൻ എന്നിവർ വിവിധ താലൂക്കുകളിൽ സംബന്ധിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ചടങ്ങുകൾ സംഘടിപ്പിക്കുക. പരിപാടിക്കായി സംഘാടക സമിതി രൂപികരിക്കും.
കാസർകോട് ജില്ലയിൽ ആകെ 579 പട്ടയങ്ങൾ വിതരണം ചെയ്യും. ലാൻഡ് അസൈൻമെൻറ്, മിച്ചഭൂമി, ലാൻഡ് ട്രിബ്യൂണൽ, ദേവസ്വം പട്ടയം എന്നിവയാണ് വിതരണം ചെയ്യുക.
ഇതിന് പുറമെ 2018 വരെയുള്ള മുഴുവൻ ഫയലുകളും തീർപ്പാക്കാനായി ഫയൽ അദാലത്തുകൾ നടത്തും. ഒക്ടോബർ മാസം മുതൽ കളക്ടറേറ്റിൽ തുടങ്ങി വില്ലേജ് ഓഫീസുകൾ വരെയുള്ള ഫയലുകൾ തീർപ്പാക്കും.
ഇതു സംബന്ധിച്ച് കളക്ടറേറ്റിൽ നടന്ന ആലോചനാ യോഗത്തിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അധ്യക്ഷയായി. സബ് കളക്ടർ ഡി.ആർ. മേഘശ്രീ, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) കെ. രവികുമാർ, കാസർകോട് ആർഡിഒ അതുൽ എസ്. നാഥ്, തഹസിൽദാർമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.