ജില്ലയില്‍ തീരദേശ മേഖലയുടെ സുരക്ഷയും സംരക്ഷണവും, മലയോര മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യവികസനം, വാക്‌സിന്‍ ലഭ്യത, ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം.
പുലിമുട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിടുന്ന പാറയുടെ ദൗര്‍ലഭ്യം നികത്തുന്നതിന് ക്വാറി ഉടമകളുമായി ആശയവിനിമയം നടത്തണം. തീരദേശമേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്തണം. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും വേണമെന്ന് എം.എല്‍.എ. മാരായ സുജിത്ത് വിജയന്‍പിള്ള, സി.ആര്‍.മഹേഷ് എന്നിവര്‍ നിര്‍ദ്ദേശിച്ചു.
കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച നടത്തും. മേല്‍പ്പാലങ്ങള്‍, ഫയര്‍‌സ്റ്റേഷന്‍, കോടതി സമുച്ചയം എന്നിങ്ങനെ കരുനാഗപ്പള്ളി മണ്ഡലത്തിലെ വിവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതിയും ത്വരിതപ്പെടുത്തണം എന്ന ആവശ്യവും ജനപ്രതിനിധികള്‍ മുന്നോട്ട് വച്ചു.
ചവറ മേല്‍പ്പാലത്തിന് സമാന്തരമായി അപകടകരമായി നിലകൊള്ളുന്ന നടപ്പാത റോഡ് വീതി കൂട്ടുന്നതിനു മുന്നോടിയായി പൊളിച്ചു മാറ്റാന്‍ തീരുമാനമായി.
കിഴക്കന്‍ മലയോരമേഖലയില്‍ അടിയന്തരമായി ആംബുലന്‍സ് സൗകര്യം അനുവദിക്കുന്നതിന് ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഡി.എം.ഒ. യെ ചുമതലപ്പെടുത്തി. ആദിവാസി ഓണ്‍ലൈന്‍ പഠനോപകരണങ്ങളുടെ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍. ഇന്റര്‍നെറ്റ് ലഭ്യത പരിഹരിച്ചിട്ടുണ്ട്. കരവാളൂര്‍ ചിറക്കല്‍ പാലത്തിനടുത്ത് മലയോര ഹൈവേയിലെ അറ്റകുറ്റപ്പണിയും തീര്‍ന്ന് വരികയാണ്. ഹാബിറ്റാറ്റ് ഏറ്റെടുത്ത നിര്‍മ്മാണപ്രവര്‍ത്തനങ്ങളില കാലതാമസം പരിഹരിക്കുമെന്ന് പി. എസ്. സുപാല്‍ എം.എല്‍.എ.യ്ക്ക് കലക്ടര്‍ മറുപടി നല്‍കി.
തോട്ടം മേഖലയില്‍ വന്യജീവി ആക്രമണം വഴി ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഉടനടി പരിഹരിക്കുന്നതിന് വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കി. കേടുപാടുകള്‍ സംഭവിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തന യോഗ്യമാക്കണം. അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാകുന്ന വിവിധ ഉള്‍നാടന്‍ റോഡുകളുടെ സുരക്ഷ പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടത് കെ. ബി. ഗണേഷ് കുമാര്‍ എം.എല്‍.എ.യുടെ പ്രതിനിധി പി. എ. സജിമോന്‍.
നാളെ (സെപ്റ്റംബര്‍ 6) മുതല്‍ വാക്‌സിനേഷന്‍ നടപടികള്‍ പുനരാരംഭിക്കും. 10 ദിവസത്തിനുള്ളില്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ ജില്ലയില്‍ പൂര്‍ത്തിയാകും. വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ പേര്‍ക്ക് രണ്ടാമത്തെ ഡോസും ലഭ്യമാക്കും. കിഴക്കന്‍ മേഖലയില്‍ വാക്‌സിന്റെ അഭാവം പരിഹരിക്കും. ഡ്രൈവ് ഇന്‍ വാക്‌സിന്‍ സൗകര്യത്തിന് പ്രാമുഖ്യം നല്‍കും. ജില്ലാ ആശുപത്രിയിലെ എച്ച്. എം. സി. സ്റ്റാഫിന് ശമ്പളം ലഭ്യമാക്കുന്നതിന് ആവശ്യമായ തുക അനുവദിക്കുന്നതിന് ആരോഗ്യ വകുപ്പുമായി ആലോചിച്ച് തീരുമാനം കൈക്കൊള്ളും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ മറ്റ് ജനപ്രതിനിധികള്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കലക്ടര്‍ അറിയിച്ചു.
വിദേശത്തേക്ക് പോകുന്നവര്‍ക്ക് അടിയന്തരമായി വാക്‌സിന്‍ എടുക്കുന്നതിന് വാലിഡ് വിസയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണന ലഭ്യമാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു. ഡി. എം. ഒയ്ക്കാണ് നടപടി ചുമതല.
വിവിധ വകുപ്പുകളുടെ പരിധിയില്‍വരുന്ന പദ്ധതികളുടെ പ്രവര്‍ത്തനപുരോഗതി യോഗം വിലയിരുത്തി. സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, എ. ഡി. എം. എന്‍. സാജിതാ ബീഗം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ജെ. ആമിന, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.