ഇറിഗേഷൻ വകുപ്പിൻ്റെ നേതൃത്വത്തിൽ കൊച്ചിൻ ഫ്രോണ്ടിയർ തോടിൻ്റെ ഇരുവശങ്ങളിലും സർവ്വേ നടത്തുന്ന സംഘം സ്ഥലപരിശോധന നടത്തി. എളവള്ളി ഗ്രാമപഞ്ചായത്തിലെ അതിർത്തിയായ ആൽ പരിസരം, കടവല്ലൂർ പാലം, എളവള്ളി പാലം, കണ്ടപ്പൻ ചീർപ്പ്, പണ്ടാറക്കാട് പാലം, മൂക്കന്ത്ര എന്നീ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
അടുത്ത ആഴ്ച മുതൽ സർവ്വേ ആരംഭിക്കും. സമീപത്തെ പാടശേഖരങ്ങളിൽ വെള്ളം കെട്ടി കിടക്കുന്നതിനാൽ സർവ്വേ മെഷീൻ ആവശ്യമായി വന്നിട്ടുണ്ട്. ഇതിനെ തുടർന്ന് സർവ്വേ മെഷീൻ അനുവദിക്കണമെന്ന് എളവള്ളി ഗ്രാമ പഞ്ചായത്ത് തൃശൂർ സർവ്വേ ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സർവ്വേ നടത്തി പോസ്റ്റുകൾ സ്ഥാപിക്കുന്നതിന് 6.70 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 2018 ലാണ് പദ്ധതിക്ക് രൂപം നൽകിയിരുന്നതെങ്കിലും കരാറുകാർ ഏറ്റെടുക്കാത്തതിനാലാണ് സർവ്വേ വൈകിയത്. ഇതുസംബന്ധിച്ച് മുരളി പെരുനെല്ലി എംഎൽഎ നിയമസഭയിൽ സബ്ബ്മിഷൻ ഉന്നയിച്ചിരുന്നു. എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സിൻ്റെ ശ്രമഫലമായി സുനിൽകുമാറാണ് പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. ഇതേ തുടർന്ന് സർവ്വേ സംഘത്തെ നിയമിക്കുന്നതിന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ചാവക്കാട് തഹസിൽദാരോട് ആവശ്യപ്പെട്ടിരുന്നു. ചാവക്കാട് തഹസിൽദാർ സർവ്വേ ഡെപ്യൂട്ടി ഡയറക്ടർക്ക് ഇതുസംബന്ധിച്ച് കത്തു നൽകിയെങ്കിലും നിയമനം നീണ്ടുപോകുകയായിരുന്നു.
എംഎൽഎയുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് ചേർപ്പ് സർവ്വേ സൂപ്രണ്ട് ഓഫീസിലെ സർവ്വേയറായ ലില്ലി ഫ്രാൻസിസ് തൃശൂർ ജില്ലാ റവന്യൂ എസ്റ്റാബ്ലിഷ്മെൻ്റിലെ എൻഎച്ച്ഡിപി (എൽ.എ) സ്പെഷ്യൽ തഹസിൽദാരുടെ കാര്യാലയത്തിലെ സർവ്വേയർമാരെ നിയമിച്ചത്. എം എ ഗായത്രി, എ എൽ ബീന എന്നിവരടങ്ങുന്ന സർവ്വേ സംഘത്തെയാണ് സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ നിയമിച്ച് ഉത്തരവായത്. സർവ്വേ പൂർത്തീകരിക്കുന്നതോടെ കൊച്ചിൻ ഫ്രോണ്ടിയർ തോടിൻ്റെ വികസന പ്രവർത്തനങ്ങൾക്കായി 15 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിന് പുറമെ മൂക്കന്ത്ര റെഗുലേറ്റർ, കണ്ടപ്പൻ റെഗുലേറ്റർ എന്നിവയ്ക്കായി രണ്ടു കോടി രൂപയുടെ ബജറ്റ് നിർദേശവും നിലവിലുണ്ട്. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ എളവള്ളി കണ്ടാണശ്ശേരി പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടും. കൂടാതെ പ്രദേശങ്ങളിലെ കൃഷിക്ക് ഗുണകരമാകും.