രണ്ടു വർഷത്തിനിടെ 31 പദ്ധതികൾ പൂർത്തീകരിച്ച്

സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വർഷത്തിനിടെ 31 കുടിവെള്ള പദ്ധതികൾ പൂർത്തീകരിച്ച് 15 ലക്ഷം പേർക്ക് കുടിവെള്ളമെത്തിക്കാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ജല അതോറി ജപ്പാൻ ഇൻറർനാഷനൽ കോ ഓപറേറ്റീവ് ഏജൻസി (ജിക) സഹായത്തോടെ നടപ്പിലാക്കുന്ന പട്ടുവം കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടനവും മാടായി കുടിവെള്ള പദ്ധതി സമർപ്പണവും മാടായി ഗവ. ഐ.ടി.ഐ പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പദ്ധതികൾ പൂർത്തിയാകുന്നതോടെ ആറ് കോർപറേഷനുകളിലും 79 മുനിസിപ്പാലിറ്റികളിലും 712 പഞ്ചായത്തുകളിലും ശുദ്ധീകരിച്ച ജലവിതരണം സാധ്യമാവും. നിർമ്മാണത്തിലുള്ള 25 പദ്ധതികൾ കൂടി പൂർത്തിയാവുമ്പോൾ 200 ദശലക്ഷം ലിറ്റർ കുടിവെള്ളം അധികമായി ലഭ്യമാവും. ശുദ്ധീകരണ ശാലകൾ ഇല്ലാത്ത പ്രദേശങ്ങളിൽ ചെറുകിട പദ്ധതികൾ വഴി ക്ലോറിനേഷൻ നടത്തിയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഈ പ്രദേശങ്ങളിലേക്ക് മുൻഗണനാടിസ്ഥാനത്തിൽ സർക്കാർ പുതിയ പദ്ധതികൾ നടപ്പിലാക്കും. ചെറുതും വലുതുമായ ആയിരത്തി ഒരുനൂറോളം ശുദ്ധജല വിതരണ പദ്ധതികൾ മുഖേനയാണ് സംസ്ഥാനത്തെ പകുതിയിലധികം ജനങ്ങൾക്ക് സർക്കാർ കുടിവെള്ളമെത്തിക്കുന്നത്. പ്രതിദിനം ഒരാൾക്ക് ഗ്രാമപ്രദേശങ്ങളിൽ 100 ലിറ്ററും നഗരപ്രദേശങ്ങളിൽ 150 ലിറ്ററും കുടിവെള്ളം നൽകുകയാണ് സർക്കാറിന്റെ ലക്ഷ്യം. പട്ടുവം കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട് എന്നീ നിയമസഭാ മണ്ഡലങ്ങളിലെ 11 പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും ജനങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പട്ടുവം കുടിവെള്ള പദ്ധതിയുടെ മുഴുവൻ പ്രയോജനവും ലഭിക്കുന്നതിന് വേണ്ടി വിതരണശൃംഖല വ്യാപിപ്പിക്കുന്ന 52.5 കോടി രൂപയുടെ പ്രവൃത്തിയാണ് രണ്ടാംഘട്ടത്തിലുൾപ്പെടുത്തി നടപ്പിലാക്കുന്നത്. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ കുറുമാത്തൂർ, പരിയാരം, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തുകൾക്കും തളിപ്പറമ്പ്, ആന്തൂർ നഗരസഭകൾക്കും അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരി പഞ്ചായത്തിലുമാണ് രണ്ടാംഘട്ടത്തിൽ 490 കിലോ മീറ്റർ നീളത്തിൽ ജലവിതരണ ശൃംഖലകൾ സ്ഥാപിക്കുന്നത്. ഈ പ്രവൃത്തികൾ പൂർത്തീകരിക്കുമ്പോൾ മൊത്തം വിതരണ ശൃംഖലയുടെ വ്യാപ്തി 1260 കിലോ മീറ്റർ ആവുകയും 2,12,000 പേർക്ക് നേരിട്ട് പ്രയോജനം ലഭിക്കുകയും ചെയ്യും. പഴശ്ശി ജലസംഭരണിയാണ് പട്ടുവം പദ്ധതിയുടെ ജലസ്രോതസ്സ്.

ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി (എൻ.ആർ.ഡി.ഡബ്ല്യു.പി)യിൽ ഉൾപ്പെടുത്തി മാടായി ഗ്രാമപഞ്ചായത്തിലെ 36,000ഓളം ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതാണ് മാടായി കുടിവെള്ള പദ്ധതി. ജിക പട്ടുവം പദ്ധതിയാണ് ഇതിന്റെ സ്രോതസ്സ്. ഈ പദ്ധതിയുടെ ഭാഗമായി മാടായിപ്പാറയിൽ നാലര ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയും 5000 മീറ്റർ വിതരണ ശംഖലയും 20 പൊതുടാപ്പുകളും പൂർത്തീകരിച്ചിട്ടുണ്ട്. മാടായി പഞ്ചായത്തിൽ ആകെ നിലവിലുള്ള 61 കിലോ മീറ്റർ വിതരണ ശൃംഖലയിലെ 1516 വാട്ടർ കണക്ഷനുകളിലും 204 പൊതു ടാപ്പുകളിലും ഈ പദ്ധതി വഴിയാണ് ജലവിതരണം നടത്തുന്നത്.

ചടങ്ങിൽ ടി.വി.രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.പിമാരായ പി .കരുണാകരൻ, പി.കെ. ശ്രീമതി ടീച്ചർ, കെ.കെ. രാഗേഷ് എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി.സുമേഷ്, വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, മുൻ എം.എൽ.എ പി. ജയരാജൻ, ജല അതോറിറ്റി അംഗം ടി.വി ബാലൻ, മാനേജിംഗ് ഡയറക്ടർ ഡോ. എ. കൗശിഗൻ, സാങ്കേതികാംഗം ടി. രവീന്ദ്രൻ, ചീഫ് എൻജിനീയർ ബാബു തോമസ്, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർ, അംഗങ്ങൾ, മറ്റും ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.