നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പച്ചക്കൊടി

കുന്നംകുളത്തിന്റെ കായിക സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്നു. കേന്ദ്രകായിക മന്ത്രാലയത്തിന്റെ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ആദ്യ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക് നിര്‍മാണത്തിന് കായികമന്ത്രാലയം പകുതി തുക അനുവദിച്ചതോടെയാണ് കുന്നംകുളം കേന്ദ്രീകരിച്ചുള്ള കായിക പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത്.

കുന്നംകുളം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍മാണം പൂര്‍ത്തിയായ ഫുട്ബോള്‍ മൈതാനത്തിന് ചുറ്റുമാണ് 7 കോടി രൂപ ചെലവില്‍ 400 മീറ്റര്‍ നീളത്തില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിക്കുന്നത്. ഇതിന് കഴിഞ്ഞ ദിവസം കേന്ദ്രകായിക മന്ത്രാലയം 3.5 കോടി രൂപ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ അക്കൗണ്ടിലേക്ക് നല്‍കിയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. 2021 ഫെബ്രുവരിയില്‍ നിര്‍മാണോദ്ഘാടനം കഴിഞ്ഞ പദ്ധതി എപ്പോള്‍ വേണമെങ്കിലും ആരംഭിക്കാനാവുമെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാന കായിക വകുപ്പിന്റെ എന്‍ജിനീയറിങ് വിഭാഗമാണ്നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്‌പോര്‍ട്‌സ് ടെക്കിനാണ് നിര്‍മാണ ചുമതല.

ജില്ലയിലെ ആദ്യത്തെ സിന്തറ്റിക് ട്രാക്കാണിത്. 8 ലൈന്‍ ട്രാക്കിന് പുറമേ ജംപിങ് പിറ്റ്, ട്രാക്ക്‌സുരക്ഷാവേലി, പവലിയന്‍, ഡ്രസിങ് റൂമുകള്‍, വിശ്രമമുറികള്‍, ടോയ്‌ലറ്റ് സൗകര്യം എന്നിവയും ഒരുക്കുന്നതാണ് പദ്ധതി.
സ്ഥലം എം എല്‍ എ എ സി മൊയ്തീന്‍ കായിക മന്ത്രിയായിരിക്കുമ്പോഴാണ് ഇവിടെ സിന്തറ്റിക് ട്രാക്കും ഫുട്‌ബോള്‍ മൈതാനവും നിര്‍മിക്കുന്നതിന് കായിക വകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ ആദ്യപടിയായി പ്രകൃതിദത്ത പുല്ല് നട്ടുപിടിപ്പിച്ച മൈതാനം പൂര്‍ത്തിയാക്കി. നിലവില്‍ ഫുട്‌ബോള്‍ മൈതാനം, ഗാലറി എന്നിവ സംരക്ഷിക്കുന്നതിന് സ്‌കൂള്‍ അധികൃതര്‍ സുരക്ഷാ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. രാവിലെയും വൈകീട്ടും പരിശീലനം, നടത്തം എന്നിവയ്ക്ക് മാത്രമാണ് സ്റ്റേഡിയം തുറന്നു കൊടുക്കാറുള്ളത്.

കുന്നംകുളത്തെ മധ്യകേരളത്തിലെ മികവിന്റെ കായിക കേന്ദ്രമാക്കുന്നതിന് സ്‌പോര്‍ട്‌സ് ഡിവിഷന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതും ഖേലോ ഇന്ത്യ പദ്ധതി കൂടി മുന്‍നിര്‍ത്തിയാണ്. കുന്നംകുളം ഗവ.ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ കേന്ദ്രമാക്കിയാണ് സംസ്ഥാനത്തെ മൂന്നാമത്തെ സ്‌പോര്‍ട്‌സ് ഡിവിഷന്‍ കുന്നംകുളത്ത് ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനുമാണ് നിലവിലുള്ളവ. കുന്നംകുളം സ്‌പോര്‍ട്‌സ് ഡിവിഷനിലേക്കുള്ള പ്രവേശനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഏഴ്, എട്ട് ക്ലാസുകളിലായി 30 വീതം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചുള്ളതാണ് പ്രഥമ ഡിവിഷന്‍. ഇതിനാവശ്യമായ പരിശീലകരെയും ജീവനക്കാരെയും നിയമിക്കാനും നടപടി ആരംഭിച്ചു. കായിക ഉപകരണങ്ങളും സ്‌പോര്‍ട്‌സ് കിറ്റും തയ്യാറായിട്ടുണ്ട്. ഫുട്‌ബോള്‍, ജൂഡോ, ബോക്‌സിങ്, വെയ്റ്റ് ലിഫ്റ്റിങ് എന്നിവയാണ് ആദ്യഘട്ടത്തില്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലുള്ള കായികയിനങ്ങള്‍.

400 മീറ്റര്‍ സിന്തറ്റിക്ക്ട്രാക്ക്, ഡ്രെയിനേജ് സംവിധാനത്തോട് കൂടിയ പുല്‍മൈതാനി, അനുബന്ധ സൗകര്യങ്ങള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, കുട്ടികള്‍ക്ക് പ്രാക്ടീസ് ചെയ്യാനുള്ള രണ്ട് ഇടത്തരം കളിസ്ഥലങ്ങള്‍, ബാസ്‌ക്കറ്റ്‌ബോള്‍ പരിശീലനത്തിനായി കുന്നംകുളം നഗരസഭാ ഇന്‍ഡോര്‍ സ്റ്റേഡിയം ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങള്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലുണ്ടാകും.കുട്ടികള്‍ക്ക് താമസിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനടുത്താണ് സജ്ജമാക്കുക. സ്‌പോര്‍ട്‌സ് ഡിവിഷന്റെ തയ്യാറെടുപ്പുകള്‍ക്കായി 5 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികളാണ് സര്‍ക്കാര്‍ ഇതിനകം പൂര്‍ത്തിയാക്കിയത്. കായിക പ്രതിഭകളുടെ ആരോഗ്യ സംരക്ഷണത്തിനായികായിക ആരോഗ്യ കേന്ദ്രവും ഇവിടെ ആരംഭിക്കുന്നുണ്ട്.