കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ‘ബി ദ വാരിയര്‍’ ബോധവത്ക്കരണ ക്യാമ്പയിന,് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ ഐ.പി.എസ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ ജെ റീനയ്ക്ക് ‘ബി ദ വാരിയര്‍ ലോഗോ ‘ കൈമാറികൊണ്ട് ജില്ലയില്‍ തുടക്കം കുറിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഓരോ വ്യക്തിയും യോദ്ധാവായി മാറണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

അതോടൊപ്പം തന്നെ കോവിഡ്-19 പ്രതിരോധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി തൃശൂര്‍ ആരോഗ്യവകുപ്പ് അവതരിപ്പിക്കുന്ന ‘ എസ്.എം.എസ് അപ്പു ‘ എന്ന ആനിമേഷന്‍ വീഡിയോയുടെ പ്രകാശനവും അദേഹം നിര്‍വഹിച്ചു. കോവിഡ് വ്യാപനത്തിന് കുറവില്ലാത്ത ഈ സാഹചര്യത്തില്‍ സോപ്പ്/ സാനിറ്റൈസര്‍, മാസ്‌ക്ക്, എന്നിവയുടെ ശരിയായ ഉപയോഗം, സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യം എന്നിവ കൂടുതല്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് ഊന്നല്‍ നല്‍കികൊണ്ടുളള സന്ദേശങ്ങളാണ് ‘അപ്പു’ എന്ന ആനക്കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയ ആനിമേഷന്‍ വീഡിയോ സീരിസിലൂടെ പ്രചരിപ്പിക്കുന്നത്.ചടങ്ങില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ (ആരോഗ്യ കേരളം) ഡോ.കെ.എന്‍ സതീഷ്, ഡെപ്യൂട്ടി ഡി.എം.ഒ മാരായ ഡോ.ടി.കെ ജയന്തി, ഡോ.ടി കെ അനൂപ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. കെ.ടി പ്രേമകുമാര്‍, പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍(റൂറല്‍) പി.കെ രാജു, ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഹരിതാ ദേവി ടി.എ, മറ്റു പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പങ്കെടുത്തു.