വൈജ്ഞാനിക മേഖലയിലെ പുതിയ സമ്പത്തുകളെ നാടിന്റെയും സമൂഹത്തിന്റെയും സമ്പത്ത് ഘടനയുടെയും പരിവർത്തനത്തിന് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്യാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. പാലക്കാട് ഗവ. പോളിടെക്നിക്ക് കോളേജിലെ സിവിൽ എൻജിനീയറിങ് അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന എല്ലാ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇക്കാര്യത്തിൽ നേതൃത്വപരമായ പങ്കാണ് വഹിക്കാനുള്ളത്. ഇൻഡസ്ട്രിയൽ കൊളാബ്രേഷൻ സാദ്ധ്യതകൾ അന്വേഷിച്ച് ഓരോ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തോട് അനുബന്ധമായി ഉത്പാദന യൂണിറ്റുകൾ ആരംഭിച്ച് സാങ്കേതിക വിദ്യ വികസിപ്പിക്കാനും പ്രാദേശിക ജനസമൂഹത്തിന് തണൽ നൽകാനും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. കുട്ടികളുടെ പ്രായോഗിക പരിശീലനത്തിനൊപ്പം തന്നെ സമൂഹത്തിന് ഗുണകരമായ ചെറുകിട സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങാൻ സ്ഥാപന മേധാവികളും അധ്യാപകരും മുൻകൈ എടുക്കണം. സംസ്ഥാനത്തെ മുഴുവൻ കലാശാലകളിലും പോളിടെക്നിക്കുകളിലും മികച്ച ലൈബ്രറി, ലാബ് സൗകര്യങ്ങൾ ഒരുക്കാനാണ് സർക്കാർ തീരുമാനം. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇൻക്ക്യുബേഷൻ സെന്ററുകൾ ഒരുക്കി വിദ്യാർത്ഥികളെ കാലാനുസൃതമായി മാറ്റിയെടുക്കണം. സവിശേഷവും പ്രയോഗക്ഷമവുമായിട്ടുള്ള അറിവുകളുടെ ഉത്പാദന കേന്ദ്രങ്ങളായി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റി അത് പ്രയോജനപ്പെടുത്താനുള്ള പരിശീലനം കുട്ടികൾക്ക് നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ അങ്ങോളം ഇങ്ങോളമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ അഖിലേന്ത്യാ അടിസ്ഥാനത്തിലും അന്തർദേശീയ തലത്തിൽ ലുള്ള റേറ്റിങ്, ക്രെഡിറ്റ് സ്‌കോർ സംവിധാനങ്ങൾ പരിചയപ്പെടുത്തി കൃത്യമായ മാനദണ്ഡങ്ങൾക്ക് അടിസ്ഥാനമായ ഗുണനിലവാരം നമ്മുടെ സ്ഥാപനങ്ങൾക്കുണ്ടെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഈ മേഖലയ്ക്ക് നേതൃത്വം നൽകുന്നവർക്ക് ഉണ്ടെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിന് പുറത്തുള്ള ജോലി സാധ്യതകൾ കുട്ടികളെ പരിചയപ്പെടുത്താൻ കരിയർ ഗൈഡൻസ് ക്ലാസുകൾ കൂടുതലായി നടത്തണം. ക്ലാസ് മുറികളിൽ കുട്ടികൾ ആർജ്ജിക്കുന്ന യാന്ത്രികമായ അറിവിന്റെ സാദ്ധ്യതകൾ അവരെ ബോധ്യപ്പെടുത്തുന്ന ക്ലാസുകൾ അനിവാര്യമാണ്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയിൽ പരിപാടിയിൽ എ.പ്രഭാകരൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസഡന്റ് കെ. ബിനുമോൾ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്റർ ഇൻ ചാർജ്ജ് ഡോ. ടി. പി. ബൈജു ബായ് , പ്രിൻസിപ്പൽ കെ.എൻ സീമ എന്നിവർ സംസാരിച്ചു.

തുടർന്ന് കണ്ണൂരിലെ മട്ടന്നൂർ സർക്കാർ പോളിടെക്നിക്കിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ ഉദ്ഘാടനവും മന്ത്രി ഓൺലൈനിലൂടെ നിർവഹിച്ചു.