കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷൻ ലിമിറ്റഡ് (ഹാൻവീവ്) സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കണ്ണൂർ നായനാർ അക്കാദമി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കൈത്തറി മേഖലയിൽ അടിസ്ഥാന സൗകര്യവും തൊഴിൽ സുരക്ഷയും ഉറപ്പാക്കും. നെയ്ത്തു തൊഴിലാളികൾക്ക് വർഷം മുഴുവൻ തൊഴിൽ എന്ന വാഗ്ദാനം സർക്കാർ പൂർണമായും യാഥാർഥ്യമാക്കി. തൊഴിലാളികളുടെ കൂലി വർധിപ്പിച്ചതും കൈത്തറി സ്‌കൂൾ യൂനിഫോം പദ്ധതിയും ഈ മേഖലയിൽ ഉണ്ടാക്കിയ ഉണർവ് പ്രയോജനപ്പെടുത്താൻ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ രംഗത്ത് പിൻവാങ്ങിയ തൊഴിലാളികൾ ഉൾപ്പെടെ തിരിച്ചെത്തി. പുതിയ തലമുറ കൈത്തറിയിലേക്ക് കടന്നു വരുന്നു. കഴിഞ്ഞ വർഷം തുണിയുടെ ലഭ്യത കുറവായതിനാൽ എൽ.പി. സ്‌കൂൾ വിദ്യാർഥികൾക്ക് മാത്രമേ കൈത്തറി യൂനിഫോം വിതരണം ചെയ്യാൻ കഴിഞ്ഞുള്ളൂ. ഈ വർഷം ഏഴാം ക്ലാസ് വരെ കൈത്തറി യൂനിഫോം വിതരണം ചെയ്തു. നാലര ലക്ഷം വിദ്യാർഥികൾക്കാണ് കൈത്തറി യൂനിഫോം നൽകിയത്. ഇത് ഇനിയും വർധിപ്പിക്കണം. എട്ടാം തരം വരെയുള്ള സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് കൈത്തറി യൂനിഫോം വിതരണം ചെയ്യാനാണ് സർക്കാർ പദ്ധതി. യൂനിഫോം ഉൽപാദനത്തിലും വിൽപനയിലും വർധനവ് വരുത്തും. ജയിലുകളിലെ തടവുകാരെക്കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തും. കണ്ണൂർ, തിരുവനന്തപുരം സെൻട്രൽ ജയിലുകളിൽ തറികൾ സ്ഥാപിക്കും.
ഹാൻവീവിന്റെ വിതരണ ശൃംഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്ക് സംവിധാനം യാഥാർഥ്യമാക്കും. കൈത്തറി ഉൽപ്പന്നങ്ങൾക്ക് ദേശീയ, അന്തർദേശീയ വിപണി ഉറപ്പാക്കും. പുതിയ തലമുറയെ ആകർഷിക്കാൻ വീട്ടിലെ തറി, കൈത്തറി ഗ്രാമം പദ്ധതി വിപുലമാക്കുമെന്നും നെയ്ത്തുകാരുടെ എണ്ണം പതിനായിരമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
70 വയസ്സ് കഴിഞ്ഞ നെയ്ത്ത് തൊഴിലാളികളെയും ജീവനക്കാരേയും മുഖ്യമന്ത്രി ആദരിച്ചു. വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. നിർദിഷ്ട കൈത്തറി മ്യൂസിയം പദ്ധതി രേഖ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രകാശനം ചെയ്തു.
കണ്ണൂർ കോർപറേഷൻ മേയർ ഇ.പി. ലത, എം.പിമാരായ പി.കെ. ശ്രീമതി ടീച്ചർ, കെ.കെ. രാഗേഷ്, എം.എൽ.എമാരായ സി. കൃഷ്ണൻ, ടി.വി. രാജേഷ്, എ.എൻ. ഷംസീർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, കൈത്തറി വീവേഴ്‌സ് സൊസൈറ്റി അസോസിയേഷൻ പ്രസിഡൻറ് പി. ബാലൻ, രാഷ്ട്രീയ കക്ഷിനേതാക്കളായ പി. ജയരാജൻ (സി.പി.എം), അഡ്വ. പി. സന്തോഷ് കുമാർ (സി.പി.ഐ), കെ. മനോഹരൻ (സി.ഐ.ടി.യു), കെ. സുരേന്ദ്രൻ (ഐ.എൻ.ടി.യു.സി), താവം ബാലകൃഷ്ണൻ (എ.ഐ.ടി.യു.സി), എം.എ കരീം (എസ്.ടി.യു) തുടങ്ങിയവർ സംസാരിച്ചു. ഹാൻവീവ് ചെയർമാൻ കെ.പി. സഹദേവൻ സ്വാഗതവും കൈത്തറി, ടെക്‌സ്‌റ്റൈൽസ് വകുപ്പ് ഡയറക്ടർ കെ. സുധീർ നന്ദിയും പറഞ്ഞു.