*ഗായകൻ ശ്രീനിവാസിന്റെ നേതൃത്വത്തിൽ മൺസൂൺ രാഗ

സ്വദേശാഭിമാനി കേസരി പുരസ്‌കാരവും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും ജൂലൈ 2ന് വൈകിട്ട് 4.30ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്ററും ജനറൽ എഡിറ്ററുമായിരുന്ന കെ. മോഹനന് സ്വദേശാഭിമാനി കേസരി പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും.
മാതൃഭൂമി ന്യൂസിലെ ഉണ്ണി ബാലകൃഷ്ണൻ, ശരത് എസ്., മലയാള മനോരമയിലെ എസ്. വി. രാജേഷ്, കേരള കൗമുദിയിലെ ടി. കെ. സുജിത്ത്, ഏഷ്യാനെറ്റ് ന്യൂസിലെ സുനിൽ പി. ആർ, ജയ്സൺ മണിയങ്ങാട്, സുജയ പാർവതി എസ്., രാഷ്ട്രദീപികയിലെ എം. വി. വസന്ത്, മെട്രോവാർത്തയിലെ മനു ഷെല്ലി, മീഡിയ വണ്ണിലെ ശ്രീജിത്ത് കണ്ടോത്ത് എന്നിവർ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും.
മേയർ വി. കെ. പ്രശാന്ത്, വി. എസ്. ശിവകുമാർ എം. എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസർ പ്രഭാവർമ, കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ. എസ്. ബാബു, ജഡ്ജിംഗ് കമ്മിറ്റിയംഗം തോമസ് ജേക്കബ്, കേരള പത്രപ്രവർത്തക യൂണിയൻ ജന. സെക്രട്ടറി സി. നാരായണൻ, ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ, ഡയറക്ടർ സുഭാഷ് ടി.വി എന്നിവർ പങ്കെടുക്കും. തുടർന്ന് പ്രശസ്ത ഗായകൻ ശ്രീനിവാസ് നയിക്കുന്ന മൺസൂൺ രാഗ സംഗീത പരിപാടി നടക്കും. സീ ടിവിയിലെ സരിഗമപ സംഗീത പരിപാടിയിലൂടെ പ്രശസ്തനായ ഗായകൻ ഡൽഹി സ്വദേശിയായ ഫരീദ് ഹസൻ, ഗായിക സംഗീത പ്രഭു എന്നിവരും പങ്കെടുക്കും.