പത്രപ്രവര്‍ത്തനമെന്നത് ഒരു ബിഗ് ബിസിനസ് അ ്ല്ലെന്നും സാമൂഹ്യ പ്രവര്‍ത്തനമാണെന്നും വിശ്വസിച്ച പത്രാധിപരായിരുന്നു കെ. മോഹനനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വദേശാഭിമാനി- കേസരി പുരസ്‌കാരവും സംസ്ഥാന മാധ്യമ അവാര്‍ഡുകളും വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നിര്‍ഭയത്വവും കേസരി ബാലകൃഷ്ണപിള്ളയുടെ ആധുനികതയോടുള്ള ആഭിമുഖ്യവും ഇണങ്ങി നില്‍ക്കുന്ന പത്രപ്രവര്‍ത്തകനാണ് കെ. മോഹനന്‍. പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് സ്വദേശാഭിമാനി പത്രം നടത്തിയത്. അനായാസ മാര്‍ഗങ്ങളിലൂടെയല്ല കെ. മോഹനനും പത്രപ്രവര്‍ത്തനജീവിതം മുന്നോട്ടുകൊണ്ടുപോയത്. ആ നിലയ്ക്ക് ഇരുവര്‍ക്കുമിടയില്‍ പൊരുത്തത്തിന്റേതായ ഒരു  മേഖലയുണ്ട്. ഏറ്റവും ആധുനികമായ ചിന്തകള്‍ക്കുനേര്‍ക്ക് മലയാളിയുടെ മനസ്സു തുറന്നുവച്ച് സാഹിത്യരംഗത്തുകൂടി നവഭാവുകത്വത്തിന് പിറവി കുറിച്ച ആചാര്യസ്ഥാനീയനാണ് കേസരി. പത്രപ്രവര്‍ത്തനരംഗത്തെ ഏറ്റവും ആധുനികപ്രവണതകള്‍ കണ്ടെത്തി മലയാള മാധ്യമരംഗത്ത് ഉള്‍ച്ചേര്‍ക്കുന്നതില്‍ സദാ ജാഗ്രതയോടെ ഇടപെട്ട ധിഷണാശാലിയാണ് കെ. മോഹനന്‍. അങ്ങനെ നോക്കുമ്പോള്‍ കേസരിക്കും കെ. മോഹനനുമിടയില്‍ വലിയൊരു ചേര്‍ച്ചയുടെ മേഖല കാണാന്‍ കഴിയും. വിലപ്പെട്ട ചില മൂല്യങ്ങളോടുള്ള അര്‍പ്പണബോധത്തിന്റെയും സത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെയും പ്രതിരൂപങ്ങള്‍ കൂടിയായിരുന്നു കേസരിയും. നിഷ്പക്ഷമായും നിര്‍ഭയമായും സത്യാധിഷ്ഠിതമായും പത്രപ്രവര്‍ത്തനം നടത്തിയാല്‍ പൂമാലകളല്ല, കല്ലേറുകളാണ് നേടിത്തരുകയെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ച പത്രപ്രവര്‍ത്തകനാണ് സ്വദേശാഭിമാനി. അദ്ദേഹത്തിനു വേണമെങ്കില്‍ പറയാനുള്ളത് പറയാതെയും എഴുതാനുള്ളത് എഴുതാതെയും ഇരിക്കാമായിരുന്നു. അധികാരികള്‍ക്ക് അപ്രിയമായ സത്യങ്ങള്‍ ഒഴിവാക്കാമായിരുന്നു. അങ്ങനെ അധികാരസ്ഥാനങ്ങള്‍ക്ക് സ്വീകാര്യനാകുന്നതിനേക്കാള്‍ ഭേദം നാടുകടത്തപ്പെടുന്നതടക്കമുള്ള ശിക്ഷ സ്വീകരിക്കുന്നതാണ്എന്ന ബോധ്യത്തോടെ സത്യത്തില്‍ ഉറച്ചുനിന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. അതിന്റെ തിക്തഫലങ്ങള്‍ അദ്ദേഹത്തിന് അനുഭവിക്കേണ്ടതായും വന്നു.
സ്വദേശാഭിമാനിയെപ്പോലെ സത്യങ്ങള്‍ ധീരമായി വിളിച്ചുപറയുന്ന മാധ്യപ്രവര്‍ത്തകര്‍ ഇന്നുമുണ്ടാകാം. എന്നാല്‍, അവര്‍ക്ക് എഴുതാന്‍ പത്രങ്ങള്‍ വച്ചുനീട്ടുന്ന പത്രമുതലാളിമാര്‍ ഉണ്ടോ എന്ന് ആലോചിച്ചാല്‍ ഒരു വക്കം മൗലവിയുണ്ടായാലേ ഒരു സ്വദേശാഭിമാനിയുണ്ടാകൂ എന്ന സത്യത്തിലേക്ക് നമുക്ക് ഉണരാന്‍ കഴിയും. വക്കം മൗലവി നിരുപാധികമായ പത്രസ്വാതന്ത്ര്യം അനുവദിച്ചതുകൊണ്ടുമാത്രമാണ് സ്വദേശാഭിമാനിക്ക് അധികാരസ്ഥാനങ്ങളെ ചോദ്യം ചെയ്യാനുള്ള സൗകര്യമുണ്ടായത്. അത്തരം ചോദ്യം ചെയ്യലുകള്‍ക്ക് ധൈര്യമുണ്ടായാല്‍ മാത്രം പോരാ, അക്ഷരങ്ങള്‍ നിരത്താനുള്ള പത്രം കൂടിയുണ്ടാവണം.
പത്രപ്രവര്‍ത്തകരുടെ നിര്‍ഭയത്വത്തിനു വിലകല്പിക്കുന്ന പത്രമുടമകള്‍ ഇന്നുണ്ടോ എന്ന ചിന്ത ഉയര്‍ന്നുവരേണ്ടതുണ്ട്. പത്രസ്വാതന്ത്ര്യം എന്നത് സര്‍ക്കാരില്‍നിന്ന് പത്രപ്രവര്‍ത്തകര്‍ക്ക് അനുവദിച്ചുകിട്ടേണ്ട ആനുകൂല്യം മാത്രമല്ല. പത്രമുടമകളില്‍നിന്ന് പത്രപ്രവര്‍ത്തകര്‍ക്ക് അനുവദിച്ചുകിട്ടേണ്ട ദാക്ഷിണ്യം കൂടിയാണ്. പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ പത്രപ്രവര്‍കത്തകര്‍ മറന്നുപോകുന്ന കാര്യം കൂടിയാണിത്. പത്രരംഗത്ത് മൂലധനത്തിന്റെ താത്പര്യം പിടിമുറുക്കുന്നതിനനുസരിച്ച് പത്രപ്രവര്‍ത്തകന്റെ താത്പര്യം പരിമിതപ്പെട്ടുപോകുകയും പത്രമുതലാളിമാരുടെ താത്പര്യം ശക്തിപ്പെട്ടുവരികയും ചെയ്യും. ആ പ്രക്രിയ എത്രത്തോളം ശക്തമാകുന്നോ അതിനനുസൃതമായി വായനക്കാരന്റെ അറിയാനുള്ള അവകാശം ഹനിക്കപ്പെടുകയും പത്രമുതലാളിയുടെ അറിയിക്കുവാനുള്ള സ്വാതന്ത്ര്യം മാത്രം വിലപ്പോവുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുകയും ചെയ്യുന്നു. പത്രമുതലാളിയുടെ അറിയിക്കാനുള്ള സ്വാതന്ത്ര്യമാണോ യഥാര്‍ത്ഥ പത്രസ്വാതന്ത്ര്യമെന്ന ചിന്തയും പത്രപ്രവര്‍ത്തകര്‍ ആലോചിക്കണം.
വാര്‍ത്തയില്‍ രാഷ്ട്രീയ ഇടപെടലുണ്ടാക്കുന്നതിനെക്കുറിച്ച്  ഇരുപതിലേറെ സ്ഥാപനങ്ങളുടെ ഉന്നതരുമായി ഒരു വിഭാഗം ചര്‍ച്ച നടത്തിയെന്ന് കോബ്രാ പോസ്റ്റ് കണ്ടെത്തിയത് ഈയിടെയാണ്. വാര്‍ത്താ ലേഖകരെ വിലയ്െക്കടുക്കുകയായിരുന്നു അവര്‍. പണം നല്‍കി എതിരാളികളെ അധിക്ഷേപിക്കുക എന്ന ജോലിക്കാണ് രാജ്യത്തെ ഇരുപതോളം മാധ്യമപ്രവര്‍ത്തകര്‍ വഴങ്ങിയത്. രാജ്യത്തെ മാധ്യമരംഗത്തെത്തന്നെ വല്ലാതെ പിടിച്ചുകുലുക്കുന്ന ഒരു വാര്‍ത്തയായിരുന്നു അത്. പക്ഷേ, ആ വിഷയത്തില്‍ മാധ്യമങ്ങളുടെ കണ്ണും കാതും നാവും പ്രവര്‍ത്തനക്ഷമമല്ലാതായിപ്പോയി. ആ വാര്‍ത്തയോട് മാധ്യമങ്ങള്‍ പ്രതികരിച്ചോ എന്നുതന്നെ സംശയമാണ്. നാട്ടില്‍ നിര്‍ഭയപത്രപ്രവര്‍ത്തനം നടത്തുന്നതിന് എതിരെ നടന്ന ഒരു കാര്യം ചര്‍ച്ച ചെയ്യാതിരുന്നതിന് ആരെയും ഭയക്കേണ്ടതില്ലായിരുന്നു.
ലോകത്തെ ഏതുഭാഗത്ത്  ഏതു പുതിയ  അറിവിന്റെ വെളിച്ചമുണ്ടായാലും അതെല്ലാം കേരളീയന്റെ മനസ്സിലെത്തിക്കണം എന്നു നിഷ്‌കര്‍ഷയുണ്ടായിരുന്ന സൂക്ഷ്മദൃക്കായ ഗവേഷകന്‍ കൂടിയായിരുന്നു കേസരി. നവോത്ഥാനത്തിന്റെ പാതയിലേക്ക് പുതിയ അറിവുകളുടെ വെളിച്ചത്തില്‍ നമ്മെ നയിച്ച വ്യക്തിയാണദ്ദേഹം. ആ പ്രക്രിയയില്‍ മലയാളിയുടെ സാഹിത്യബോധത്തെയും ചിന്താതലങ്ങളെയും കേസരി നവീകരിച്ചു. ഇത് അക്കാലത്ത് മറ്റൊരാള്‍ ചെയ്യുകയില്ല എന്ന ബോധ്യത്തോടെയാണ് വളരെ ബുദ്ധിമുട്ടിക്കൊണ്ട് നവീകരണ ചിന്തകളെ കേരളീയര്‍ക്ക് അദ്ദേഹം നല്‍കിയത്. ഭയകൗടില്യലോഭങ്ങള്‍ വളര്‍ത്തില്ലൊരു നാടിനെ, ഈശ്വരന്‍ തെറ്റു ചെയ്താലും ഞാനത് റിപ്പോര്‍ട്ട് ചെയ്യും എന്നുമൊക്കെ പ്രഖ്യാപിച്ചുകൊണ്ട് പത്രരംഗത്തേക്കു കടന്നുവന്ന മഹത്തുക്കളുടെ പാരമ്പര്യമുള്ള നാടാണ് കേരളം. അവര്‍ കൊളുത്തിയ വലിയ ദീപശിഖകളില്‍നിന്ന് ചെറിയ കൈത്തിരിയെങ്കിലും കൊളുത്തിയെടുക്കാന്‍ പുതിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണം.
പത്രപ്രവര്‍ത്തനമെന്നത് ഒരു ബിഗ് ബിസിനസ് അല്ലെന്നും സാമൂഹ്യ പ്രവര്‍ത്തനമാണെന്നും വിശ്വസിച്ച പത്രാധിപരായിരുന്നു കെ. മോഹനന്‍. നാടിനും ജനങ്ങള്‍ക്കും നല്ലനാളെ ഉണ്ടാകാന്‍ വേണ്ടി അര്‍പ്പണബോധത്തോടെ നടത്തുന്ന സേവനമാണ് പത്രപ്രവര്‍ത്തനമെന്ന് അദ്ദേഹം വിശ്വസിച്ചു. മഹാത്മാഗാന്ധി മുതല്‍ ഇ.എം.എസ്. വരെയുള്ളവര്‍ പത്രാധിപര്‍മാരായിരുന്നിട്ടുണ്ട്. അവര്‍ക്ക് പത്രപ്രവര്‍ത്തനം എന്തായിരുന്നോ അതുതന്നെയായിരുന്നു കെ. മോഹനനും പത്രപ്രവര്‍ത്തനം. അടിയന്തരാവസ്ഥ പോലുള്ള കടുത്ത രാഷ്ട്രീയ പ്രതിസന്ധിഘട്ടത്തില്‍ പത്രപ്രവര്‍ത്തനം വിപത്കരമായിരുന്ന ഘട്ടത്തിലൂടെയാണ് കടന്നുപോയത്. സെന്‍സര്‍ഷിപ്പു പോലെയുള്ള നടപടികളെ അതിജീവിച്ചുകൊണ്ട് ദേശാഭിമാനിയെ മുന്നോട്ടു നയിക്കാന്‍ കെ. മോഹനന്‍ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യസഭാംഗമെന്ന നിലയിലും അദ്ദേഹം നന്നായി ശോഭിച്ചു. പാര്‍ലമെന്റിന്റെ അഷ്വറന്‍സ് കമ്മിറ്റി മന്ത്രിമാര്‍ സഭയില്‍ നല്‍കുന്ന ഉറപ്പുകള്‍ എത്രമാത്രം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്ന ഘട്ടത്തില്‍ അത്തരമൊരു സമിതിയുണ്ട് എന്ന് രാജ്യത്തെ ബോധ്യപ്പെടുത്തിയ കമ്മിറ്റിയുടെ ഭാഗമായിരുന്നു അദ്ദേഹം. നിശിതങ്ങളായ മുഖപ്രസംഗങ്ങളും ശ്രദ്ധേയമായ പ്രസംഗപരിഭാഷകളും കെ. മോഹനന്റെ പ്രത്യേകതകളായിരുന്നു.   അദ്ദേഹത്തിന് സ്വദേശാഭിമാനി -കേസരി പുരസ്‌കാരം സമര്‍പ്പിക്കുന്നത് അഭിമാനമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ രാഷ്ട്രദീപികയിലെ എം.വി. വസന്ത്, മലയാള മനോരമയിലെ എസ്.വി. രാജേഷ്, മെട്രോ വാര്‍ത്തയിലെ മനു ഷെല്ലി, കേരള കൗമുദിയിലെ ടി.കെ. സുജിത്ത്, മാതൃഭൂമി ന്യൂസിലെ ഉണ്ണി ബാലകൃഷ്ണന്‍, ശരത് എസ്, ഏഷ്യാനെറ്റ് ന്യൂസിലെ സുനില്‍ പിആര്‍, സുജയ പാര്‍വതി എസ്, ജയ്‌സണ്‍ മണിയങ്ങാട്എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റു വാങ്ങി.
സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  മേയര്‍ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ വി.കെ.മധു, മുഖ്യമന്ത്രിയുടെ പ്രസ് അഡ്വവൈസര്‍ പ്രഭാവര്‍മ്മ, കേരള മീഡിയാ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍, ഡയറക്ടര്‍ സുഭാഷ് റ്റി.വി., പുരസ്‌കാര നിര്‍ണയ സമിതി അംഗം തോമസ് ജേക്കബ്, കേരള പത്രപ്രവര്‍ത്തകയൂണിയന്‍ ജനറല്‍ സെക്രട്ടറി സി. നാരായണന്‍, ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു.