പാലക്കാട്: വാതില്പ്പടി സേവനം പദ്ധതിയില് വൊളണ്ടിയര്മാരായി പ്രവര്ത്തിക്കാന് താല്പര്യമുള്ളവര് സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റില് രജിസ്റ്റര് ചെയ്യണമെന്ന്് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര് ബെന്നി ജോസഫ് അറിയിച്ചു.
പ്രായാധിക്യം, ഗുരുതര രോഗം, അതിദാരിദ്രം തുടങ്ങിയ കാരണങ്ങളാല് അവശത അനുഭവിക്കുന്നവര്ക്ക് സര്ക്കാര് സേവനങ്ങള് യഥാസമയം ലഭിക്കാത്തവര്ക്ക് വീട്ടുപടിക്കല് സര്ക്കാര് സേവനങ്ങളും ജീവന് രക്ഷാ മരുന്നുകളും എത്തിച്ചു നല്കുന്ന പദ്ധതിയാണ് വാതില്പ്പടി സേവനം.
സംസ്ഥാനത്ത് തിരഞ്ഞെടുത്ത 50 തദ്ദേശ സ്ഥാപനങ്ങളില് പാലക്കാട് ജില്ലയില് നിന്നും പട്ടാമ്പി മണ്ഡലത്തിലെ മുഴുവന് പഞ്ചായത്തുകളെയാണ് ആദ്യഘട്ടത്തില് തിരഞ്ഞെടുത്തിട്ടുള്ളത്. ഈ മണ്ഡലത്തിലെ അതത് തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കാന് താത്പര്യമുള്ള സന്നദ്ധ പ്രവര്ത്തകര്ക്ക് രജിസ്റ്റര് ചെയ്യാം.
രജിസ്റ്റര് ചെയ്യേണ്ടത് എങ്ങനെ?
www.sannadhasena.kerala.gov.in എന്ന ലിങ്കിലൂടെ കേരള സര്ക്കാര് സാമൂഹിക സന്നദ്ധസേന എന്ന സൈറ്റില് പ്രവേശിക്കാം. ശേഷം വൊളണ്ടിയര് രജിസ്‌ട്രേഷന് എന്ന ലിങ്കില് ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങള് ചേര്ക്കണം. ഇതോടൊപ്പം തിരിച്ചറിയല് രേഖയുടെ കോപ്പി, ഫോട്ടോ എന്നിവയും അപ്‌ലോഡ് ചെയ്യണം.
ആര്ക്കെല്ലാം സന്നദ്ധ പ്രവര്ത്തകരാകാം
1. പ്രായപരിധി 18-50 വയസ്
2. കുറഞ്ഞത് ആറു മാസക്കാലമെങ്കിലും തുടര്ച്ചയായി സേവനസന്നദ്ധത ഉള്ളവരാകണം.
3.തദ്ദേശ സ്വയംഭരണ പ്രതിനിധി, ആശ- കുടുംബശ്രീ പ്രവര്ത്തകര് എന്നിവരോടൊപ്പം ചേര്ന്ന് പ്രവര്ത്തിക്കാന് സന്നദ്ധതയുള്ളവരാകണം.
4. സന്നദ്ധ പ്രവര്ത്തകര്ക്ക് ക്രിമിനല് പശ്ചാത്തലം ഉണ്ടാകാന് പാടില്ല
5 സ്ത്രീ സന്നദ്ധ പ്രവര്ത്തകരുടെയും ആദിവാസി മേഖലകളില് ട്രൈബല് പ്രൊമോട്ടേഴ്‌സ്, ട്രൈബല് വൊളണ്ടിയേഴ്‌സ് എന്നിവരുടെയും സേവനം ആവശ്യമുണ്ട്.
6.കോളേജുകളില് നിന്നും ഹയര് സെക്കന്ററി സ്‌കൂളുകളില് നിന്നുമുള്ള എന് എസ് എസ്, എന് സി സി വൊളണ്ടിയര്മാര്, എന് ജി ഒ, വെല്ഫെയര് അസോസിയോഷനുകള് എന്നിവയില് പ്രവര്ത്തിക്കുന്നവര്ക്കും രജിസ്റ്റര് ചെയ്യാം.