കാസർഗോഡ്: ജില്ലയ്ക്ക് ആവശ്യത്തിന് വാക്‌സിനുകള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ശാരീരീക വെല്ലുവിളി നേരിടുന്നവരുടെയും പട്ടിക വര്‍ഗ വിഭാഗക്കാരുടെയും വാക്‌സിനേഷന്‍ നടപടികള്‍ രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. ഇതിനായി പ്രത്യേകം ക്യാമ്പുകള്‍ നടത്താന്‍ തീരുമാനമായി.
ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോറോണ കോര്‍കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എതെങ്കിലും കോളനികളില്‍ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുന്നതിന് പോലീസ് സഹായം ആവശ്യമെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പോലീസ് മേധാവിയുമായി ബന്ധപ്പെടണം.
പ്രധാന തീരുമാനങ്ങള്‍
ജില്ലയിലെ സി.എഫ്.എല്‍.ടി.സികളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലും പ്രവവേശിപ്പിച്ചിട്ടുള്ള കോവിഡ് പോസിറ്റീവ് രോഗികളില്‍, നെഗറ്റീവ് ആയി ഡിസ്ചാര്‍ജ് ചെയ്താലും പോകാനിടമില്ലാത്ത അഗതികള്‍ അടക്കമുള്ളവരെ സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ഹോമുകളില്‍ പാര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും. ഇതിനായി ഇത്തരം വ്യക്തികളുടെ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് കൈമാറണമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു.
അതിഥി തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട് പി.എം കെയര്‍ ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നതിനുള്ള ബില്ലുകള്‍ സമര്‍പ്പിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അടിയന്തിരമായി സമര്‍പ്പിക്കണം.
കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കാനുള്ള കേസുകളില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ്, ഡെപ്യൂട്ടി കളക്ടര്‍ കെ.രവികുമാര്‍, സബ്കളക്ടര്‍ ഡി.ആര്‍ മഘശ്രീ, ഡെപ്യൂട്ടി ഡി.എം ഒ ഡോ ഇ മോഹനന്‍, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍, മറ്റ് കോര്‍കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.