ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റത്തിന് തുടക്കമായി

മലപ്പുറം: ഓഫീസുകളില്‍ പോകാതെതന്നെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം മങ്കട ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു.

ഗ്രാമപഞ്ചായത്തുകളിലെ ഭരണനിര്‍വഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച അതിനൂതനമായ സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സംവിധാനം അഥവാ ഐ.എല്‍.ജി.എം.എസ്.

സോഫ്റ്റ്വെയറില്‍ രജിസ്റ്റര്‍ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും 213 സേവനങ്ങള്‍ ലഭിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ഓണ്‍ലൈന്‍ പെയ്‌മെന്റ് നടത്തുന്നതിനും സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനും പൊതു ജനങ്ങള്‍ക്ക് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

കെട്ടിടത്തിന്റെ ഓണര്‍ഷിപ്പ്, ബിപിഎല്‍ ഉള്‍പ്പെടെ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകള്‍, വസ്തു നികുതി അപേക്ഷ, വിവരാവകാശ അപേക്ഷ, തുടങ്ങി ലൈസന്‍സ് ലഭിക്കുന്നതിനും പുതുക്കുന്നതിനുമുള്ള അപേക്ഷകള്‍ മുതല്‍ വികസന- പദ്ധതി നിര്‍ദേശങ്ങള്‍ നല്‍കുന്നതിനു വരെയുള്ള സൗകര്യം ഐ.എല്‍.ജി.എം.എസില്‍ ലഭ്യമാണ്. https://erp.lsgkerala.gov.in/ എന്ന ലിങ്കിലൂടെ ഫോണ്‍നമ്പരും ഇമെയില്‍ ഐഡിയും ആധാര്‍ നമ്പരും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തതിന് ശേഷം പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ഉപയോഗിക്കാനാവും.

അപേക്ഷ നല്‍കുമ്പോള്‍ തന്നെ അത് പരിശോധിച്ച് പൂര്‍ണമാണോയെന്നും അനുബന്ധ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്നും ഉറപ്പു വരുത്തുന്നതിനൊപ്പം സ്വീകരിക്കുന്ന അപേക്ഷ ഓണ്‍ലൈനായി തന്നെ പരിശോധിച്ച് സമയബന്ധിതമായി തീര്‍പ്പു കല്പിക്കാനും സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സംവിധാനത്തില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷകളുടെ തല്‍സ്ഥിതി പൊതുജനങ്ങള്‍ക്കുള്‍പ്പെടെ ട്രാക്ക് ചെയ്യാനും സേവനം ഉറപ്പു വരുത്താനും സാധിക്കും.

പുതിയ സംവിധാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എ അബ്ദുല്‍ കരീം അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ. അസ്ഗറലി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷെരീഫ് ചുണ്ടയില്‍ തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിച്ചു.