മലപ്പുറം: പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട ഔട്ട് ഓഫ്‌സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന റസിഡന്‍ഷ്യല്‍ ഹോസ്റ്റലിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. അമരമ്പലം ഗ്രാമ പഞ്ചായത്ത് ഹാളില്‍വെച്ച് ചേര്‍ന്ന ഹോസ്റ്റല്‍ നിര്‍മ്മാണ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മാര്‍ച്ച് മാസത്തിന് മുമ്പ് ഹോസ്റ്റല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പഠനം പാതിവഴിയില്‍ നിര്‍ത്തിയവരും സ്‌കൂള്‍ പ്രവേശനം നേടാത്തവരുമായ കുട്ടികളെ കണ്ടെത്തി സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള എസ്.എസ്.കെ യുടെ പദ്ധതി പ്രകാരമാണ് ഹോസ്റ്റല്‍ ആരംഭിക്കുന്നത്. അമരമ്പലം ഗവ: എല്‍പി സ്‌കൂള്‍ കോമ്പൗണ്ടിലാണ് ആധുനിക സൗകര്യങ്ങളുള്ള റസിഡന്‍ഷ്യല്‍ ഹോസ്റ്റല്‍ നിര്‍മിക്കുന്നത്. 1.72 കോടി രൂപയാണ് നിര്‍മാണ ചെലവ്.
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 50 കുട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ പ്രവേശനമുണ്ടാകും. കോണ്‍ഫറന്‍സ് ഹാള്‍ , വായനക്കും വിനോദങ്ങള്‍ക്കുമായുള്ള മുറി, ഡോര്‍മിറ്ററി, പതിനൊന്ന് കിടപ്പു മുറികള്‍, വിശാലമായ വരാന്ത, അടുക്കള, ഭക്ഷണമുറി, ശുചിമുറികള്‍, വാര്‍ഡന്‍ മുറി, കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളാണ് ഹോസ്റ്റലില്‍ ഒരുക്കുന്നത്. വാര്‍ഡന്‍, ട്യൂട്ടര്‍മാര്‍, അറ്റന്‍ന്റര്‍ എന്നീ ജീവനക്കാരും ഉണ്ടാവും.
ഹോസ്റ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി നിര്‍ദ്ദേശിക്കുന്ന പോഷക സമൃദ്ധമായ ഭക്ഷണവും പരിചരണവും വിദ്യാര്‍ഥികള്‍ക്ക് ഉറപ്പു വരുത്തും. ജില്ലയിലെ ഗോത്ര വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഏറെ സഹായകമാകുന്ന പദ്ധതിയാണിത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം ഹോസ്റ്റല്‍ നിര്‍മ്മാണ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്‍, വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അനീഷ് കെ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഹമീദ് ലബ്ബ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പി എം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സത്യന്‍ സി, ബാലസുബ്രഹ്‌മണ്യന്‍, സമഗ്ര ശിക്ഷാ കേരളം മലപ്പുറം ജില്ലാ പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് കൊളശ്ശേരി, പ്രോജക്റ്റ് എഞ്ചിനീയര്‍ ഖലീഫ കസാലി, ടി ഇ ഒ നിഷാദ്, അസിസ്റ്റന്റ് എഞ്ചിനിയര്‍ ഹസീന, രാധിക ടീച്ചര്‍, നിലമ്പൂര്‍ ബ്ലോക്ക് പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ എം മനോജ് കുമാര്‍, സി ആര്‍ സി കോ-ഓര്‍ഡിനേറ്റര്‍ സീമ തെരേസ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.