ലോക സാക്ഷരതാ ദിനം: വണ്ടൂര്‍ ബ്ലോക്ക് സാക്ഷരതാ ഓഫീസിന് കീഴില്‍ വായനശാല ആരംഭിച്ചു

മലപ്പുറം: ലോക സാക്ഷരതാ ദിനത്തോട് അനുബന്ധിച്ച് വണ്ടൂര്‍ ബ്ലോക്ക് സാക്ഷരതാ ഓഫീസിന് കീഴില്‍ വായനശാല പ്രവര്‍ത്തനം ആരംഭിച്ചു. പഠിതാക്കളില്‍ നിന്നും ശേഖരിച്ച പുസ്തകങ്ങളും സാക്ഷരതാമിഷന്റെ പ്രസിദ്ധീകരണങ്ങളും ഉള്‍കൊള്ളിച്ചാണ് വായനശാല ആരംഭിച്ചത്. റഫറന്‍സ്, പഠന സഹായികള്‍, ചരിത്ര പുസ്തകങ്ങള്‍, ലേഖന സമാഹാരങ്ങള്‍ എന്നിവയുള്‍പ്പെടെ 627 പുസ്തങ്ങളാണ് വായനശാലയിലുള്ളത്. ദൈനം ദിന പഠിതാക്കള്‍ക്കും, പൊതു ജനങ്ങള്‍ക്കും ഉപയോഗപ്പെടുത്താവുന്ന വിധത്തിലാണ് ക്രമീകരണം.

ബ്ലോക്ക് സാക്ഷരതാ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. കുഞ്ഞുമുഹമ്മദ് വായനശാല നാടിന് സമര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. സാജിദ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അജ്മല്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.എന്‍. സുനില്‍കുമാര്‍, സെക്രട്ടറി എ.ജെ. സന്തോഷ്, സാക്ഷരതാ മിഷന്‍ കോ -ഓഡിനേറ്റര്‍ എ. സന്തോഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.