ആലപ്പുഴ: വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനായി ഇൻഡസ്ട്രിയൽ ക്ലിനിക്കുകൾ സ്ഥാപിക്കുന്നത് സർക്കാരിൻറെ പരിഗണനയിലുണ്ടെന്ന് വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ്‌ പറഞ്ഞു. ആലപ്പുഴയിൽ വ്യവസായ സംരംഭകരുമായുള്ള മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എം.എസ്.എം.ഇ.കൾ (മൈക്രോ സ്‌മോൾ ആൻഡ് മീഡിയം എന്റെർപ്രൈസ്‌സ് ) അടക്കമുള്ള ചെറുകിട സംരംഭങ്ങൾക്ക് ഇത് ഏറെ ഗുണം ചെയ്യും.

വ്യവസായങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചു പോകാനുള്ള മാർഗ്ഗമായി ക്ലിനിക്കിനെ മാറ്റാൻ സാധിക്കും. സ്ഥാപനങ്ങളുടെ ലൈസൻസ് നേടുന്നതടക്കമുള്ള കാര്യങ്ങൾക്ക് സഹായമേകാൻ താലൂക്ക് തലത്തിൽ ഒരു ഫെസിലിറ്റേറ്ററെ നിയമിക്കുന്ന കാര്യവും വകുപ്പിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

വ്യവസായങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും നിർദ്ദേശങ്ങളും സംരംഭക പ്രതിനിധികൾ ചർച്ചയിൽ അവതരിപ്പിച്ചു. വൈദ്യുതി, സ്ഥാപനങ്ങളിലേക്കുള്ള വഴികളുടെ പോരായ്മകൾ, വ്യവസായ സംരംഭകരോടുള്ള സമൂഹത്തിന്റെ പൊതു ബോധത്തിന്റെ പോരായ്മകൾ തുടങ്ങിയ പ്രശ്നങ്ങളാണ് സംരംഭകർ ഉന്നയിച്ചത്. ലേബർ ഓഫിസറുടെ അടിക്കടിയുള്ള മാറ്റവും ലേബർ കോർട്ടിന്റെ ആവശ്യകതയും മുഖാമുഖത്തിൽ ചർച്ചയായി.

സർക്കാരിന്റെ പൂർണ്ണ പിന്തുണ സംരംഭകർക്ക് ലഭിക്കുമെന്ന് മറുപടിയായി മന്ത്രി ഉറപ്പ് നൽകി. സർക്കാരിനോടൊപ്പം സംരംഭകരും തൊഴിലാളികളും പൊതുസമൂഹവും ഒരേ മനസ്സോടെ നിന്നെങ്കിൽ മാത്രമേ വ്യവസായ മേഖലയിൽ പൂർണ്ണ വിജയം കൈവരിക്കാൻ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.

കയർ വകുപ്പിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, കെ.എസ്.ഐ.ഡി.സി. എം.ഡി. എം. ജി. രാജമാണിക്യം, വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, കയർ വികസന കോർപ്പറേഷൻ ഡയറക്ടർ വി. ആർ. വിനോദ്, വിവിധ ഇൻഡസ്ട്രിയൽ അസോസിയേഷൻ, എം.എസ്.എം.ഇ. സംരംഭക പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.