കോവിഡ് പ്രോട്ടോകോൾ പാലിച്ച് പത്മനാഭപുരം കൊട്ടാരം സന്ദർശകർക്ക് തുറന്ന് കൊടുക്കുന്നതിനെക്കുറിച്ച് അടിയന്തിരമായി ആലോചിക്കുമെന്ന് കേരള തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പുരാവസ്തു വകുപ്പിന് കീഴിലുള്ള പ്രധാനപ്പെട്ട സംരക്ഷിത സ്മാരകങ്ങളെയും മ്യൂസിയങ്ങളെയും ഗ്രേഡ് ചെയ്ത് പ്രത്യേകമായി സംരക്ഷിക്കുന്നതിന്റെ ഭാഗമായി തക്കല പത്മനാഭപുരം കൊട്ടാരം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

പൈതൃകവും തനിമയും ചോരാതെ കൊട്ടാരം സംരക്ഷിക്കുന്നതിൽ വകുപ്പും ജീവനക്കാരും പുലർത്തുന്ന ശ്രദ്ധയെ മന്ത്രി അഭിനന്ദിച്ചു. ആർക്കിയോളജി ഡയറക്ടർ ഇ.ദിനേശൻ, സൂപ്രണ്ട് അജിത് കുമാർ, കൺസർവേഷൻ ഓഫീസർ എസ് ജെയ്കുമാർ, കൺസർവേഷൻ എൻജിനീയർ എസ്. ഭൂപേഷ്, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അൻവർ സാദത്ത്, മറ്റു ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയെ അനുഗമിച്ചു.