കൊല്ലം :സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലിന്റെ അധ്യക്ഷതയില്‍ നടത്തിയ അദാലത്തില്‍ എട്ട് പരാതികള്‍ തീര്‍പ്പാക്കി. ആകെ പരിഗണിച്ച 56 കേസുകളില്‍ ഏഴ് എണ്ണം വിവിധ വകുപ്പുകളില്‍ നിന്നുള്ള വിവരശേഖരണത്തിനും 41 കേസുകള്‍ അടുത്ത അദാലത്തിലേക്കും മാറ്റി.
പുരുഷന്‍മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വീട്ടിലെ സ്ത്രീകള്‍ മുഖാന്തരം പരാതി നല്‍കുന്നത് ഒഴിവാക്കണമെന്നും ഇത്തരം കേസുകള്‍ പരിഗണിക്കില്ലെന്നും കമ്മീഷന്‍ അറിയിച്ചു. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള പരാതികളില്‍ കാലതാമസം ഉണ്ടാകുന്നത് മൂലം സ്ത്രീകള്‍ കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കുന്നുണ്ട്. ഇവയും പരിഗണിക്കാനാവില്ല. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അദാലത്തില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. നിയന്ത്രണം നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കൂടി പരിഗണിക്കണം.
ഈ മാസം 28, 29 തീയതികളില്‍ അദാലത്തുകള്‍ നടത്തും. കഴിഞ്ഞ ഒന്നര വര്‍ഷക്കാലം അദാലത്തുകള്‍ നടത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ കേസുകളുടെ എണ്ണം കൂടിയതുകൊണ്ടാണ് ഈ മാസം നാല് അദാലത്തുകള്‍ നടത്തുന്നത്, കമ്മീഷന്‍ പറഞ്ഞു.
ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തില്‍ അഡ്വ. ബെച്ചി കൃഷ്ണ, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സുരേഷ് കുമാര്‍, കൗണ്‍സിലര്‍മാരായ സിസ്റ്റര്‍ സംഗീത, ആര്‍. സരിത, ഹേമ എസ്. ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു