പൊന്നാനിയില്‍ പുതിയ ബ്ലഡ്ബാങ്ക് സംവിധാനം യാധാര്‍ഥ്യമാകുന്നു. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 1.22 കോടി ചെലവിലാണ് ബ്ലഡ് ബാങ്ക് കെട്ടിടം നിര്‍മ്മിക്കുന്നത്. ഡോക്ടേഴ്‌സ് റൂം, കമ്പോണന്റ് സ്റ്റോര്‍, കമ്പോണന്റ് പ്രോസസിംഗ് റൂം, ഗ്രൂപ്പിങ് ആന്റ് ക്രോസ് മാച്ചിംഗ് റൂം ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങളോടെയാണ് ബ്ലഡ് ബാങ്ക് പ്രവര്‍ത്തന സജ്ജമാകുന്നത്.
മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ബ്ലഡ് ബാങ്ക് കെട്ടിടത്തിന് മുകളില്‍ ഇരുന്നില കെട്ടിടത്തിനായി രണ്ട് കോടിയുടെ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. ഇതടക്കം 3.22 കോടി രൂപയുടെ പുതിയ പദ്ധതിയാണ് നടപ്പാകുന്നത്. പേവാര്‍ഡും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമമുറികളുമാണ് മുകളിലെ നിലയില്‍ നിര്‍മ്മിക്കുക. രോഗികള്‍ക്ക് പേവാര്‍ഡിലേക്ക് പോകുന്നതിനായി ബ്ലഡ് ബാങ്ക് കെട്ടിടത്തെ ആശുപത്രിയുമായി പാലം വഴി ബന്ധിപ്പിക്കും. സര്‍ക്കാര്‍ ഏജന്‍സിയായ വാപ്‌കോസിനാണ് നിര്‍മ്മാണ ചുമതല.
സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന ബ്ലഡ് ബാങ്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി.നന്ദകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ഷീനാസുദേശന്‍, രജീഷ് ഊപ്പാല, കൗണ്‍സിലര്‍ സവാദ്, ആശുപത്രി സൂപ്രണ്ട് ഡോ.ആശ, ഡോ.സുരേഷ്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.