കൊല്ലം: നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ ഒന്നാം ഡോസ് വാക്സിനേഷന്‍ 97 ശതമാനം പൂര്‍ത്തീകരിച്ചു. പുല്ലാമല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ എത്തി ഒന്നാം ഡോസ് വാക്സിന്‍ നല്‍കി. ആരോഗ്യ വകുപ്പിന്റെ മൊബൈല്‍ സംഘം ആര്‍. ടി. പി. സി. ആര്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

വാര്‍ഡ്കള്‍ കേന്ദ്രീകരിച്ച് ആര്‍. ആര്‍. ടി. കളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമിമാക്കി. കോളനികളില്‍ പരിശോധനകളും പ്രതിരോധപ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സത്യഭാമ പറഞ്ഞു. ഇളമാട് ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ഐ. ടി. ഐയില്‍ വെള്ളിയാഴ്ച നടത്തിയ മെഗാ വാക്‌സിനേഷന്‍ ക്യാമ്പില്‍ 1400 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 1300 പേര്‍ക്കും സ്‌പോട് രജിസ്‌ട്രേഷന്‍ മുഖേനയാണ് നല്‍കിയത്. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആര്‍. ടി.പി. സി. ആര്‍ പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പഞ്ചായത്ത് ജീവനക്കാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍പരിശോധന നടത്തി വരുന്നു. പഞ്ചായത്തിലെ 78 ശതമാനത്തോളം ആളുകള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി പ്രസിഡന്റ് ജേക്കബ് വാളിയോട് പറഞ്ഞു.
ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ 100% വാക്‌സിനേഷന്‍ പൂര്‍ത്തിയായതായും പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും 100% വാക്‌സിനേഷന്‍ എന്ന ലക്ഷ്യം ഉടന്‍ സാധ്യമാക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. മിനിമോള്‍ പറഞ്ഞു. മൊബൈല്‍ യൂണിറ്റുകളടക്കം സജ്ജീകരിച്ച് ആര്‍ ടി പി സി ആര്‍ പരിശോധനകളും വ്യാപകമാക്കിയിട്ടുണ്ട്.