തൃശ്ശൂർ: പ്രതിസന്ധികൾക്കിടയിലും ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സർക്കാരിന് സാധിക്കുന്നുണ്ടെന്ന്
റവന്യൂ മന്ത്രി കെ.രാജൻ. കുടുംബശ്രീയുടെ അഗ്രിന്യൂട്രി ഗാർഡൻ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏത് വലിയ ദുരന്തത്തിന് ഇടയിലും ജനങ്ങൾക്ക്  ക്ഷേമകരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സർക്കാരിന് സാധിക്കുന്നുണ്ട്. കർഷകരുടെ ഉൾപ്പെടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓണചന്തയിൽ മികച്ച വിറ്റുവരവ് നേടിയ കുഴൂർ, നെന്മണിക്കര, നടത്തറ സി ഡി എസുകളെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ജനകീയ ഹോട്ടലിൽ പരിശീലനം പൂർത്തീകരിച്ച സംരംഭങ്ങൾക്കുള്ള യൂണിഫോം, ഐഡി കാർഡ് എന്നിവ വിതരണം ചെയ്തു. നടത്തറ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മൂർക്കനിക്കര കൂറ്റാലിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.രവി, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, കുടുംബശ്രീ ജില്ലാ മിഷൻ
കോ-ഓർഡിനേറ്റർ കെ.വി ജ്യോതിഷ്കുമാർ, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ എസ്.ബസന്ത്ലാൽ, ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.