കോട്ടയം: സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നു. ഇന്ന് (സെപ്റ്റംബർ 14) വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കും.
രണ്ടു കോടി രൂപ നബാർഡ് ഫണ്ട് വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാഫലകം ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അനാച്ഛാദനം ചെയ്യും. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ ശ്രീകുമാർ അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. പി.ഡബ്ല്യൂ.ഡി സൂപ്രണ്ടിംഗ് എൻജിനീയർ എം.ജി ലൈജു റിപ്പോർട്ട് അവതരിപ്പിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ കെ. ജെ. പ്രസാദ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ. സുജയ, ഹെഡ്മാസ്റ്റർ സി.പി. അബ്ദുൾ ഖാദർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും