എറണാകുളം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടികള്‍ക്കുള്ള സാമ്പത്തിക ധനസഹായ ഇനത്തില്‍ ജില്ലയില്‍കഴിഞ്ഞ രണ്ടു മാസത്തിനിടെ വിതരണം ചെയ്തത് 1 കോടി 80 ലക്ഷം രൂപ. 244 പേര്‍ക്കാണ് ജില്ലയില്‍ ഇതു വരെ ധനസഹായം വിതരണം ചെയ്തത്.

ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടികള്‍ക്കാണ് വിവാഹ ധനസഹായത്തിന് അര്‍ഹതയുള്ളത്. ജാതി വരുമാന സര്‍ട്ടിഫിക്കറ്റ്, പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിവാഹ ക്ഷണക്കത്ത്, വിവാഹം നിശ്ചയിച്ചു എന്നതിൻറെ സമുദായ സംഘടന അല്ലെങ്കില്‍ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം, എന്നിവ സഹിതം ബ്ലോക്ക് മുൻസിപ്പാലിറ്റി, കോര്‍പ്പറേഷൻ പട്ടിക ജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അര്‍ഹരായ പെണ്‍കുട്ടികള്‍ക്ക് 75000 രൂപയാണ് ധനസഹായം ലഭ്യമാക്കുക.
വിവാഹ ധനസഹായഇനത്തില്‍ ജില്ലക്കായി അനുവദിച്ച രണ്ടു കോടി രൂപയില്‍ നിന്നാണ് 1.8 കോടി രൂപ വിതരണം ചെയ്തിട്ടുള്ളത്, ബാക്കിയുള്ള 17 ലക്ഷം രൂപ അര്‍ഹരായവര്‍ക്ക് ഉടൻ കൈമാറും.