ആലപ്പുഴ: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് മുന്‍പോട്ട് പോകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കലക്ടറേറ്റിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ഇതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്. എന്നാല്‍ കോവിഡ് വാക്‌സിൻ എടുക്കാന്‍ വിമുഖത കാണിക്കുന്നവര്‍ക്കായി കൂടുതല്‍ ബോധവത്ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യണം.

കൊവിഡ് സ്ഥിരീകരിച്ച വീടുകളില്‍ നിന്ന് പോസിറ്റീവാകാത്തവർ ക്വാറന്റൈന്‍ പാലിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങി നടക്കുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. ഇത്തരം വീടുകളില്‍ നിത്യോപയോഗ സാധനങ്ങളും ഭക്ഷണവും എത്തിക്കാനുള്ള കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തണം. മെഡിക്കല്‍ കോളേജ് ആശുപത്രികളിൽ സി കാറ്റഗറിയിലുള്ളവരെ മാത്രം പ്രവേശിപ്പിച്ച് തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ക്കായുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി.

ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പ്രസന്റേഷന്‍ മന്ത്രിയുടെ മുമ്പില്‍ അവതരിപ്പിച്ചു. ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് മുതല്‍ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകർ മന്ത്രിക്ക് വിശദീകരിച്ചു നൽകി. ജില്ലയിലെ വാക്സിനേഷൻ നിരക്ക്‌ 95 ശതമാനമാണ്.

യോഗത്തിൽ എംഎൽഎ മാരയ എച്ച്. സലാം, പി പി ചിത്തരഞ്ജൻ, ജില്ല കലക്ടർ എ അലക്സാണ്ടർ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി ആർ രാജു, അഡീ. ഡയറക്ടർമാരായ ഡോ. പ്രീത, ഡോ. സമീറ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാബീവി, ജില്ല മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിതകുമാരി, ഡെപ്യൂട്ടി കളക്ടർ ആശ സി. എബ്രഹാം, എൻ.എച്.എം. ഡി.പി.എം. ഡോ. രാധാകൃഷ്ണൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ശശികല, ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ് എന്നിവർ പങ്കെടുത്തു.