*ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ (ഐ.ഐ.ഐ. സി) 23ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എസ്. എസ്. എല്‍. സി മുതല്‍ എന്‍ജിനിയറിംഗ് ബിരുദം വരെയുള്ളവര്‍ക്ക് നിര്‍മാണ മേഖലയില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതിനുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും. കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് കൊല്ലം ചവറയില്‍ തുടങ്ങുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് തൊഴില്‍ മന്ത്രി ടി. പി. രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒമ്പത് ഏക്കറിലാണ് കാമ്പസ്. 32 ആധുനിക ക്‌ളാസ് മുറികളും മൂന്ന് വര്‍ക്ക്‌ഷോപ്പുകളും ഒരുക്കിയിട്ടുണ്ട്. ലോകോത്തര നിലവാരമുള്ള വിവിധ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് കോഴ്‌സുകള്‍ നടത്തുന്നത്. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് ലഭ്യമാക്കും.
പത്താം ക്‌ളാസ് പാസായവര്‍ക്ക് ടെക്‌നിക്കല്‍ ലെവല്‍ കോഴ്‌സുകളും പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് സൂപ്പര്‍വൈസര്‍ ലെവല്‍ കോഴ്‌സുകളും ബിരുദം, ബിടെക് യോഗ്യതയുള്ളവര്‍ക്ക് മാനേജീരിയല്‍ ലെവല്‍ കോഴ്‌സുകളും ഐ. ഐ. ഐ. സി നടത്തും. ആകെ 38 കോഴ്‌സുകളാണ് നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ ഏഴു കോഴ്‌സുകളുണ്ടാവും.
ആറ് മാസത്തെ പെയിന്റിംഗ് ആന്റ് ഫിനിഷിംഗ് വര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് 30,000 രൂപയും ജി. എസ്. ടിയുമാണ്  ഫീസ്. പെയിന്റിംഗില്‍ മുന്‍പരിചയം അഭികാമ്യമാണ്. പത്താം ക്‌ളാസ് പാസായിരിക്കണം. ബാര്‍ ബെന്‍ഡിംഗ് ആന്റ് സ്റ്റീല്‍ ഫിക്‌സിംഗ് കോഴ്‌സിനും എസ്.എസ്.എല്‍.സിയാണ് യോഗ്യത. മൂന്നു മാസത്തെ കോഴ്‌സിന് 20,000 രൂപയും ജി.എസ്.ടിയുമാണ് യോഗ്യത. ഹൗസ് കീപ്പിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് മൂന്നു മാസമാണ് കാലയളവ്. 20,000 രൂപയും ജി. എസ്. ടിയുമാണ് ഫീസ്.
പ്ലംബിംഗ് എന്‍ജിനിയറിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറു മാസമാണ് കാലയളവ്. ഡിപ്ലോമ/ഐ. ടി. ഐയാണ് യോഗ്യത. 30,000 രൂപയും ജി. എസ്. ടിയുമാണ് ഫീസ്. പ്ലംബിംഗില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടാവണം. പി. ജി. ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിംഗ് ആന്റ് ആര്‍ക്കിടെക്ചര്‍, പി. ജി. ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് ബിടെക് സിവില്‍ എന്‍ജിനിയറിംഗ്, ബിആര്‍ക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കാലയളവ്. ഒരു ലക്ഷം രൂപയും ജി.എസ്.ടിയുമാണ് യോഗ്യത.  എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാജ്വേറ്റ്ഷിപ്പ് പ്രോഗ്രാമിന് ബിടെക് സിവില്‍ എന്‍ജിനിയറിംഗ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്നു മാസത്തെ കോഴ്‌സിന് 75,000 രൂപയും ജി. എസ്. ടിയുമാണ് ഫീസ്. www.iiic.ac.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. 500 രൂപയാണ് അപേക്ഷാ ഫീസ്. ആഗസ്റ്റ് ആദ്യ വാരം ക്ലാസുകള്‍ ആരംഭിക്കും. ജൂലായ് 20 വരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് 8078980000.