തിരുവനന്തപുരം: പട്ടയം ജനങ്ങളുടെ അവകാശമാണെന്നും ആരും നൽകുന്ന ഔദാര്യമല്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടത്തുന്ന പട്ടയ വിതരണത്തിന്റെ തിരുവനന്തപുരം താലൂക്ക് തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടയമെന്നത് ഒരു കുടുംബത്തിന്റെ സ്വപ്നമാണ്. സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഒന്നൊന്നായി പാലിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് പട്ടയവിതരണം. ചെറിയ കാലയളവിൽ ഇത്രയേറെ പട്ടയങ്ങൾ കൊടുക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനമുണ്ട്. തിരുവനന്തപുരം ജില്ലയിൽ പട്ടയം ലഭിക്കാതെ പോയ അർഹതപ്പെട്ടവർക്കെല്ലാവർക്കും എത്രയും വേഗം പട്ടയം നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ തിരുവനന്തപുരം താലൂക്ക് പരിധിയിലുള്ള 36 പേർക്കാണ് പട്ടയം നൽകിയത്. വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാജു, വാർഡ് കൗൺസിലർ എസ് ജാനകി അമ്മാൾ, സബ്കളക്ടർ എം.എസ്. മാധവിക്കുട്ടി , തഹസിൽദാർ എസ്. ഷാജി എന്നിവർ പങ്കെടുത്തു.