മന്ത്രി ജെ. ചിഞ്ചുറാണിയും പട്ടയ വിതരണം നടത്തി

കൊല്ലം: ജില്ലാതല പട്ടയമേള കൊട്ടാരക്കര പുലമണ്‍ മാര്‍ത്തോമ ജൂബിലി മന്ദിരത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഭൂമിയും കിടപ്പാടവും ഉള്‍പ്പെടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം ലഭ്യമാക്കുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പട്ടയ മേളകള്‍ എന്ന് അദ്ദേഹം പറഞ്ഞു. പരമാവധി പേര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. അതിനിയും തുടരും. ആധുനിക വത്കരണത്തിലൂടെ റവന്യു സേവനങ്ങള്‍ അതിവേഗം ലഭ്യമാക്കുകയാണ്.

സര്‍വെ നടത്തുന്നതിലും പുതിയ സാങ്കേതിക സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. മൊബൈല്‍ ഫോണിലേക്കും സ്വന്തം കമ്പ്യൂട്ടറിലേക്കും ഭൂമി സംബന്ധമായി വിവരങ്ങള്‍ ലഭ്യമാക്കുന്നത് സാധ്യമാക്കുന്ന സംവിധാനം ഒരുക്കാന്‍ ധനകാര്യ വകുപ്പ് ആവശ്യമായ പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അര്‍ഹതയുള്ള എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പട്ടയം വിതരണം നിര്‍വഹിക്കവെ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. അഞ്ചു വര്‍ഷക്കാലം കൊണ്ട് ഇതു സാധ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. വില്ലേജ് ഓഫീസ് വഴിയുള്ള സേവനങ്ങള്‍ സുഗമമാക്കാനായി. അഹാമാരിയെ നേരിടുന്നതിലും ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിലും ഏറെ മുന്നോട്ട് പോകാനായി എന്നും മന്ത്രി പറഞ്ഞു.

ഇരു മന്ത്രിമാരും ചേര്‍ന്ന് പട്ടയങ്ങള്‍ വിതരണം ചെയ്തു. കൊട്ടാരക്കര നഗരസഭാ അധ്യക്ഷന്‍ ഷാജു, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ എസ്. നായര്‍, എ. ഡി. എം എന്‍. സാജിതാ ബീഗം, പുനലൂര്‍ ആര്‍. ഡി. ഒ ബി. ശശികുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ റോയി കുമാര്‍, ജയശ്രീ, ആര്‍. ബീനാറാണി, തഹസില്‍ദാര്‍ ജി. നിര്‍മല്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.