പത്തനംതിട്ട: സ്വന്തമായി അടച്ചുറപ്പുള്ള വീട് ലഭിക്കുന്നതിനായി ബിന്ദു മുട്ടാത്ത വാതിലുകളില്ല. എല്ലായിടത്തും പ്രശ്‌നമായിരുന്നത് ഒരേ ഒരു കാര്യമായിരുന്നു. ആകെ ഉണ്ടായിരുന്ന മൂന്ന് സെന്റ് വസ്തുവിന് പട്ടയമില്ലെന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാമത് സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി നടത്തിയ പട്ടയമേളയില്‍ ബിന്ദുവിന്റെയും കുടുംബത്തിന്റെയും പട്ടയമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.

പത്തു വര്‍ഷത്തിനു മുന്‍പാണ് നാഴിപ്പാറയ്ക്കല്‍ വീട്ടില്‍ ബിന്ദുവും ഭര്‍ത്താവ് ജോസഫ് മാത്യുവും തിരുവല്ല താലൂക്കിലെ കവിയൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ താമസം ആരംഭിച്ചത്. കൂലിപ്പണിക്കാരനായ ജോസഫ് മാത്യുവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ കുടുംബത്തിന് സുരക്ഷിത ഭവനം ഒരുക്കുക എന്നത്.

എന്നാല്‍, സ്ഥലത്തിന് പട്ടയമില്ലാത്തതിന്റെ പേരില്‍ ഇവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. ഒരു ദിവസം കൊണ്ട് ജീവിതം മാറി മറിഞ്ഞ സന്തോഷത്തിലാണ് ബിന്ദുവും കുടുംബവും. ഏഴാം ക്ലാസില്‍ പഠിക്കുന്ന ദിയാ ജോസഫ്, അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ജോയല്‍ ജോസഫ് എന്നിവര്‍ മക്കളാണ്.