പരാതികള്‍ക്ക് പരിഹാരവുമായി ആലുവയില്‍ പരിഹാരം 2018
കൊച്ചി: ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ ആലുവ താലൂക്കില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടി പരിഹാരം 2018 ല്‍ പരിഗണിച്ചത് 63 പരാതികള്‍. സര്‍വേയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പരാതികളിലേറെയും. ഫയല്‍ അദാലത്തില്‍ 119 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 40 എണ്ണം തീര്‍പ്പാക്കി. ബാക്കി ഫയലുകളില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കി. പെന്‍ഷന്‍, ലൈഫ് പദ്ധതി, റേഷന്‍ കാര്‍ഡ് മാറ്റം, പോക്കുരവ് ചെയ്യാന്‍ കഴിയാത്ത ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നം തുടങ്ങിയ വിഭാഗങ്ങളിലുള്ള പരാതികളും പരിഗണിച്ചു.
സര്‍വേയുമായി ബന്ധപ്പെട്ട് താലൂക്കില്‍ 25 വര്‍ഷമായി കെട്ടിക്കിടന്നിരുന്ന 187 ഫയലുകളില്‍ പരിഹാരമായി. ഇതില്‍ 27 പരാതികള്‍ തീര്‍പ്പാക്കിയതിന്റെ ഉത്തരവ് കളക്ടര്‍ കക്ഷികള്‍ക്ക് കൈമാറി. ആദ്യ ഉത്തരവ് പാറക്കടവ് സ്വദേശി ടോണി തോമസ് കളക്ടറില്‍ നിന്ന് ഏറ്റുവാങ്ങി. റീസര്‍വേയില്‍ വന്ന ഭൂമിയുടെ വ്യത്യാസം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് നല്‍കിയ പരാതിയാണ് തീര്‍പ്പാക്കിയത്. അവശേഷിക്കുന്ന 160 പരാതികള്‍ സര്‍വേ ജോലികള്‍ പൂര്‍ത്തിയാക്കി തഹസില്‍ദാര്‍ ഒപ്പിട്ട ശേഷം കക്ഷികള്‍ക്ക് കൈമാറും. റീസര്‍വേക്കു ശേഷം തെറ്റായി സര്‍ക്കാര്‍ പുറമ്പോക്കായി രേഖപ്പെടുത്തിയ ഭൂമി, റീസര്‍വേയില്‍ അതിര്‍ത്തിവ്യത്യാസത്തെ തുടര്‍ന്ന് കരമൊടുക്കാന്‍ കഴിയാത്ത ഭൂമി, സര്‍വേ നമ്പറിലെ തെറ്റ്, പേര് മാറിയവ, വിസ്തീര്‍ണ്ണ വ്യത്യാസം,പുറമ്പോക്ക് ഭൂമി-പട്ടയ ഭൂമി ഇനം മാറ്റം തുടങ്ങിയ വിഭാഗങ്ങളിലായി കെട്ടിക്കിടന്ന പരാതികളാണ് തീര്‍പ്പാക്കിയത്.
ആധാര്‍ രജിസ്ട്രേഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷ നല്‍കാനും പരിഹാരം വേദിയില്‍ സൗകര്യമൊരുക്കിയിരുന്നു. അക്ഷയ കൗണ്ടറില്‍ ആധാര്‍ കാര്‍ഡിനുള്ള 15 പുതിയ അപേക്ഷകള്‍ ലഭിച്ചു. ഇവര്‍ക്ക് ആധാര്‍ നമ്പര്‍ കൗണ്ടറില്‍ നിന്നു തന്നെ അനുവദിച്ചു. ആധാര്‍ കാര്‍ഡ് ഒരാഴ്ചയ്ക്കകം തപാലില്‍ അയച്ചു കൊടുക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അപേക്ഷകള്‍ ലഭിച്ചു.