എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 11 സ്കൂളുകൾകൂടി ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി. ചൊവ്വാഴ്ച വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന് കീഴിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ വിവിധ വിദ്യാലയങ്ങൾ നാടിന് സമർപ്പിച്ചു.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച നാലും പ്ലാൻഫണ്ട് ഉപയോഗിച്ച് നിർമിച്ച അഞ്ചും സമഗ്രശിക്ഷാ കേരള ഫണ്ട്, എംഎൽഎ ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമിച്ച ഓരോ സ്കൂളുകളുമാണ് പുതുതായി ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തിയത്.
ജില്ലയിലെ അഞ്ച് സർക്കാർ വിദ്യാലയങ്ങളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ ഫണ്ടിൽ നിന്നുള്ള 48 ലക്ഷം രൂപവീതം ചെലവിൽ നിർമിച്ച ലാബുകളും ഉദ്ഘാടനം ചെയ്തു.
കൂടാതെ നബാർഡിൽ നിന്നുള്ള രണ്ട് കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന അഞ്ച് സ്കൂൾ കെട്ടിടങ്ങളുടെയും കിഫ്ബിയിൽ നിന്നുള്ള ഒരു കോടി രൂപവീതം ഉപയോഗിച്ച് നിർമിക്കുന്ന എട്ട് സ്കൂൾ കെട്ടിടങ്ങളുടെയും തറക്കല്ലിടൽ ചടങ്ങും സംഘടിപ്പിച്ചു.
ഇടപ്പള്ളി ഗവ. എച്ച്എസ്എസ്, ഗവ. എച്ച്.എസ്.എസ് ചേന്ദമംഗലം – പാലിയം, പുത്തൻതോട് ഗവ. എച്ച്.എസ്.എസ്, എളമക്കര ഗവ. എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ കിഫ്ബിയിൽ നിന്നുള്ള അഞ്ച് കോടി രൂപ ചെലവിലാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
പുത്തൻതോട് ഗവ. എച്ച്.എസ്.എസിൽ മുൻ എംഎൽഎ ജോൺ ഫെർണാണ്ടസിന്റെ വികസനഫണ്ടിലെ ഒരുലക്ഷം രൂപയും ഉപയോഗിച്ചു. ചേന്ദമംഗലം ഗവ. യു.പി സ്കൂൾ, പുളിന്താനം ഗവ.യു.പി സ്കൂൾ, പൂത്തോട്ട ഗവ. ജെ.ബി.എസ്, വടവുകോട് ഗവ. എൽപി സ്കൂൾ, നോർത്ത് വാഴക്കുളം ഗവ. യുപി സ്കൂൾ എന്നിവിടങ്ങളിൽ ഒരു കോടി രൂപവീതം ചെലവിട്ടാണ് നിർമാണം പൂർത്തിയാക്കിയത്.
പി.ടി തോമസ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള ഒരുകോടി രൂപ ഉപയോഗിച്ചാണ് വെണ്ണല ഗവ. എച്ച്.എസ്.എസ് യു.പി വിഭാഗത്തിനായി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ്ക്ക്. സൗത്ത് വാഴക്കുളം ഗവ. എൽ.പി സ്കൂളിൽ സമഗ്രശിക്ഷാ കേരളത്തിന്റെ 39 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.