എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന വാക്കുകളെ അന്വര്‍ത്ഥമാക്കിയും നവകേരള നിര്‍മിതിക്ക് പുത്തന്‍ ഊന്നല്‍ നല്‍കിയും സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയിലെ സംസ്ഥാനതല പട്ടയമേള തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്നു. സംസ്ഥാന തലത്തില്‍ 77 താലൂക്കുകളിലായി 13,514 പേര്‍ക്കും ജില്ലയില്‍ 3575 പേര്‍ക്കുമാണ് പട്ടയങ്ങള്‍ നല്‍കിയത്. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ പട്ടയം വിതരണം നടത്തിയത് തൃശൂര്‍ ജില്ലയാണ്.

ഇതില്‍ 270 എണ്ണം വനഭൂമി പട്ടയങ്ങളാണ്. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന സംസ്ഥാന, ജില്ലാതല ഉദ്ഘാടനങ്ങള്‍ക്ക് ശേഷം റവന്യൂമന്ത്രി കെ രാജന്‍, പട്ടികജാതി, വര്‍ഗ- പിന്നാക്ക ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ വേദിയില്‍ തൃശൂര്‍ താലൂക്കിലെ വനഭൂമി പട്ടയങ്ങള്‍ ഉള്‍പ്പെടെ 24 പട്ടയങ്ങള്‍ വിതരണം ചെയ്തു. വേദിക്ക് പുറത്ത് റവന്യൂ വകുപ്പ് സജ്ജീകരിച്ച പ്രത്യേക പവലിയനുകളിലും തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ നേതൃത്വത്തിലും പട്ടയ വിതരണം നടന്നു.

8 വിഭാഗങ്ങളിലായാണ് ജില്ലയില്‍ പട്ടയ വിതരണം നടന്നത്. മിച്ചഭൂമി പട്ടയം – 96, സുനാമി പട്ടയം -7, ഇനാം പട്ടയം – 21, 1993 ലെ പതിവ് ചട്ടപ്രകാരമുള്ള വനഭൂമി പട്ടയം – 270, ലാന്റ് ട്രിബ്യൂണല്‍ പട്ടയം – 2511, ദേവസ്വം പട്ടയം – 661, 1995 പതിവ് ചട്ടപ്രകാരമുള്ള മുന്‍സിപ്പല്‍ പട്ടയം – 5, 1964 ലെ പതിവ് ചട്ടപ്രകാരമുള്ള പട്ടയം – 4 എന്നിങ്ങനെയാണ് വിതരണം ചെയ്തത്.സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നൂറുദിന കര്‍മപദ്ധതിയില്‍ സംസ്ഥാനത്ത് 12,000 പട്ടയങ്ങള്‍ വിതരണം ചെയ്യണമെന്നായിരുന്നു നേരത്തെ ഉദ്ദേശിച്ചിരുന്നതെങ്കിലും റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വകുപ്പിന്റെ കൂട്ടായ പ്രവര്‍ത്തനത്തില്‍ 13,534 പട്ടയങ്ങളായി വിതരണം ചെയ്യാനായി.

ലാന്‍ഡ് ട്രിബ്യൂണലിന്റെ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി 1,27,000 പേരില്‍ നിന്നാണ് അര്‍ഹരെ കണ്ടെത്തിയത്. സെപ്റ്റംബര്‍ 19 ന് കര്‍മപദ്ധതി അവസാനിക്കാനിരിക്കെയാണ് അതിലെ ഏറ്റവും ബൃഹദ് പദ്ധതിയായി പട്ടയമേള മാറിയത്. ജനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കിയും എല്ലാ വില്ലേജുകളും സ്മാര്‍ട്ട് ആക്കി മാറ്റിയും മൊബൈല്‍ ഫോണിലൂടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന ഡിജിറ്റല്‍ സംവിധാനത്തിലേക്കുമാണ് പുതിയ റവന്യൂ സംവിധാനമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി യൂണിക് തണ്ടപ്പേര്‍ സംവിധാനം ഈ പട്ടയമേളയുടെ ഭാഗമായി കൊണ്ടുവരാന്‍ സാധിച്ചതായും അദ്ദേഹം അറിയിച്ചു.