മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സുഭിക്ഷം സുരക്ഷിതം പദ്ധതിയിലൂടെ നടപ്പാക്കിയ ജൈവ പച്ചക്കറിയുടെയും നെല്‍കൃഷിയുടെയും സംസ്ഥാന തല വിളവെടുപ്പ് ഉദ്ഘാടനം കഞ്ഞിക്കുഴി പഞ്ചായത്തില്‍ നാളെ ( 2021 സെപ്റ്റംബര്‍ 16) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. സുജിത്ത് എന്ന ജൈവ കര്‍ഷകന്റെ കൃഷിയിടത്തില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും.

നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 5000 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. 14 ജില്ലകളിലായി ആകെ 23566 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറികള്‍, വാഴ, നെല്ല്, കിഴങ്ങു വര്‍ഗങ്ങള്‍ എന്നിവ സുഭിക്ഷം – സുരക്ഷിതം ഭാരതീയ പ്രകൃതികൃഷിയില്‍ ഉള്‍പ്പെടുത്തി കൃഷി ചെയ്തു.

ചടങ്ങില്‍ എ.എം. ആരിഫ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍, വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാര്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.